ഇന്ത്യയിലെ ആശുപത്രി കിടക്കകളുടെ എണ്ണം ഇന്നും ലോകനിലവാരത്തേക്കാള്‍ താഴെയാണ്. ഇതില്‍ തന്നെ വലിയൊരു വിഭാഗം ആശുപത്രികളും വന്‍നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്

ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് ആരോഗ്യമേഖലയ്ക്കുള്ള വിഹിതം. ഇത്തവണ എത്ര കോടി അനുവദിക്കും? ചികിത്സാ ചിലവുകള്‍ കുറയുമോ? - ചര്‍ച്ചകള്‍ ഈ വഴിക്കാണ് നീങ്ങാറുള്ളത്. എന്നാല്‍ 2026-ല്‍ ഇന്ത്യ നില്‍ക്കുന്നത് കേവലം പണം അനുവദിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ക്കിടയിലല്ല. പകരം, ആരോഗ്യരംഗത്തെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ പുതിയ കാലത്തിന് അനുയോജ്യമായി മാറ്റിയെടുക്കാം എന്നതിലാണ് കാര്യം. രാജ്യത്തിന്റെ ആരോഗ്യമേഖല ഇന്ന് ഒരു വഴിത്തിരിവിലാണ്. രോഗങ്ങള്‍ മാറുന്ന രീതിയും രോഗികളുടെ പ്രതീക്ഷകളും മാറിമറിയുന്നു. അതുകൊണ്ട് തന്നെ, ബജറ്റിലെ ചെറിയ വര്‍ദ്ധനവിനേക്കാള്‍ ഉപരിയായി, വരും തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു 'ഹെല്‍ത്ത് കെയര്‍ മോഡല്‍' ആണ് രാജ്യം ലക്ഷ്യമിടേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

നഗരത്തിന് പുറത്തേക്കും വളരണം ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രി കിടക്കകളുടെ എണ്ണം ഇന്നും ലോകനിലവാരത്തേക്കാള്‍ താഴെയാണ്. ഇതില്‍ തന്നെ വലിയൊരു വിഭാഗം ആശുപത്രികളും വന്‍നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടാം നിര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ പണിയാന്‍ വലിയ തുക ആവശ്യമാണ്. ആശുപത്രികളെ രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യമായി അംഗീകരിച്ചാല്‍ മാത്രമേ ഇവിടേക്ക് നിക്ഷേപം കടന്നുവരികയുള്ളൂ. കുറഞ്ഞ പലിശയില്‍ വായ്പകളും നികുതി ഇളവുകളും നല്‍കി സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിച്ചാല്‍ മാത്രമേ ഉള്‍നാടുകളില്‍ മികച്ച ആശുപത്രികള്‍ ഉയരുകയുള്ളൂ എന്ന്ും അതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടാകണമെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്‍ഷുറന്‍സ് കാര്‍ഡുണ്ട്, പക്ഷെ ചികിത്സയോ?

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളത് കൊണ്ട് മാത്രം രോഗിക്ക് മികച്ച ചികിത്സ ലഭിക്കണമെന്നില്ല. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഴി ആശുപത്രികള്‍ക്ക് നല്‍കുന്ന തുക പലപ്പോഴും യഥാര്‍ത്ഥ ചിലവിനേക്കാള്‍ വളരെ കുറവാണ്. ഇത് വലിയ ആശുപത്രികളെ ഇത്തരം പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് തുകകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുകയും കൃത്യസമയത്ത് ആശുപത്രികള്‍ക്ക് പണം ലഭ്യമാക്കുകയും വേണം.

ജീവനക്കാരുടെ കുറവ് പരിഹരിക്കണം

ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ലോകപ്രശസ്തരാണെങ്കിലും രാജ്യത്തിനകത്ത് നഴ്‌സുമാരുടെയും ടെക്‌നീഷ്യന്‍മാരുടെയും വലിയ കുറവുണ്ട്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കാനും സാങ്കേതികവിദ്യയില്‍ അവരെ നൈപുണ്യമുള്ളവരാക്കാനും ബജറ്റില്‍ തുക നീക്കിവെക്കണം. ഡിജിറ്റല്‍ സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് രോഗനിര്‍ണ്ണയം നടത്താന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ പ്രാപ്തരാക്കണം.

ലക്ഷ്യം അടുത്ത 10 വര്‍ഷം

ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ഒരു പുതിയ ആശുപത്രി നിര്‍മ്മിക്കാനോ അല്ലെങ്കില്‍ ഒരു ഡോക്ടറെ വാര്‍ത്തെടുക്കാനോ വര്‍ഷങ്ങള്‍ വേണം. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും മാറ്റുന്ന ബജറ്റുകള്‍ക്ക് പകരം അടുത്ത പത്തു വര്‍ഷത്തേക്കുള്ള കൃത്യമായ ഒരു പ്ലാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു