അനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയിമിംഗ്, കോമിക്‌സ് മേഖലകള്‍ക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ്
രാജ്യത്തെ സര്‍ഗ്ഗാത്മക മേഖലയെ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ യന്ത്രമായി മാറ്റിമറിക്കാന്‍ കേന്ദ്ര ബജറ്റില്‍ വമ്പന്‍ പദ്ധതികള്‍. 'ഓറഞ്ച് ഇക്കണോമി' എന്ന് വിളിക്കപ്പെടുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയിമിംഗ്, കോമിക്‌സ് മേഖലകള്‍ക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. 2030-ഓടെ ഈ മേഖലയില്‍ മാത്രം 20 ലക്ഷം പ്രൊഫഷണലുകളെ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ട് വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. രാജ്യത്തെ പതിനയ്യായിരത്തോളം സെക്കന്‍ഡറി സ്‌കൂളുകളില്‍ എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ സ്ഥാപിക്കും. സ്‌കൂളുകള്‍ക്ക് പുറമെ 500 കോളജുകളിലും ഇത്തരം അത്യാധുനിക ലാബുകള്‍ വരും. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസിന്റെ മേല്‍നോട്ടത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
എന്താണ് 'ഓറഞ്ച് ഇക്കണോമി'?
ഭൗതികമായ ഉല്‍പ്പന്നങ്ങളെക്കാള്‍ ഉപരിയായി മനുഷ്യന്റെ ആശയങ്ങള്‍, സര്‍ഗ്ഗാത്മകത, സാംസ്‌കാരിക മൂല്യം എന്നിവയില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന രീതിയാണിത്. സിനിമ, കല, മാധ്യമങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ടൂറിസം, നഗര സേവനങ്ങള്‍ എന്നിവയ്ക്കും ഈ മേഖല വലിയ ഊര്‍ജ്ജം നല്‍കും.
ലൈവ് ഷോകള്‍ ഇനി പണം കായ്ക്കും മരം
ഇന്ത്യയിലെ 'കോണ്‍സേര്‍ട്ട് ഇക്കണോമി' അഥവാ ലൈവ് ഷോകളുടെ സാധ്യതകളും ബജറ്റില്‍ എടുത്തുപറയുന്നുണ്ട്. വെറും ടിക്കറ്റ് വില്‍പ്പന മാത്രമല്ല, ഒരു വലിയ മ്യൂസിക് ഷോ നടക്കുമ്പോള്‍ ഹോട്ടലുകള്‍, ഗതാഗതം, ലോജിസ്റ്റിക്‌സ്, പരസ്യം, സുരക്ഷ തുടങ്ങിയ മേഖലകളിലും വന്‍ സാമ്പത്തിക ചലനമുണ്ടാകുന്നു. അമേരിക്കയില്‍ ലൈവ് മ്യൂസിക് ഷോകള്‍ വഴി 130 ബില്യണ്‍ ഡോളറിന്റെ വരുമാനവും 9 ലക്ഷം തൊഴിലവസരങ്ങളും ഉണ്ടാകുന്നുണ്ട്. ബ്രിട്ടനില്‍ മ്യൂസിക് ടൂറിസം വഴി ജിഡിപിയുടെ 0.3 ശതമാനം വരുമാനം ലഭിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഒരു ലൈവ് ഷോ നടത്താന്‍ 10 മുതല്‍ 15 വരെ വിവിധ അനുമതികള്‍ വാങ്ങേണ്ടി വരുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ 'ഏകജാലക സംവിധാനം' കൊണ്ടുവരാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
ക്രിയേറ്റീവ് ടൂറിസം വളര്‍ത്താന്‍ ചില സുപ്രധാന നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു:
പൈതൃക സ്മാരകങ്ങള്‍: തിരഞ്ഞെടുക്കപ്പെട്ട പൈതൃക സ്മാരകങ്ങള്‍ ഇത്തരം വലിയ പരിപാടികള്‍ക്കായി തുറന്നു നല്‍കുക.
നിയമങ്ങളില്‍ ഇളവ്: വിദേശ കലാകാരന്മാര്‍ക്ക് വിസ ലഭിക്കുന്നതിനും വിദേശനാണ്യ വിനിമയത്തിനുമുള്ള തടസ്സങ്ങള്‍ നീക്കുക.
നഗര സൗകര്യങ്ങള്‍: ആള്‍ക്കൂട്ട നിയന്ത്രണം, മികച്ച ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കി നഗരങ്ങളെ ഇത്തരം ഷോകള്‍ക്ക് അനുയോജ്യമാക്കുക.
ചുരുക്കത്തില്‍, ക്രിയേറ്റീവ് മേഖലയെ കേവലം വിനോദമായി കാണാതെ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വലിയൊരു വ്യവസായമായി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
