ദില്ലി: ഗസറ്റഡ് ഇതര കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷത്തെ ഉത്സവബത്ത് നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 3,737 കോടി രൂപ ബോണസ് നൽകാനായി നീക്കിവെക്കുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 

കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിക്കുകയും ഡിഎ വര്‍ദ്ധന പിൻവലിക്കുകയും ചെയ്തിരുന്നു. അതിൽ മാറ്റംവരുത്തിയാണ് ഉത്സവ ബത്ത് വിതരണം ചെയ്യാനുള്ള തീരുമാനം മന്ത്രിസഭ എടുത്തിരിക്കുന്നത്. ഗസറ്റഡ് ജീവനക്കാര്‍ക്ക് പ്രത്യേക അലവൻസ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.