Asianet News Malayalam

സ്വർണാഭരണങ്ങൾക്ക് തിരിച്ചറിയൽ നമ്പർ: ഉപഭോക്താവിന് എല്ലാ വിവരങ്ങളും നേരിട്ട് പരിശോധിക്കാം, മാറ്റങ്ങളുമായി വിപണി

കൈവശമുളള ആഭരണം വിൽക്കുന്ന സമയത്ത് ഉയർന്ന വില നേടിയെടുക്കാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും. പുതിയതായി വിൽപ്പനയ്‍ക്കെത്തുന്ന ആഭരണങ്ങളിൽ മാത്രമാകും യുഐഡി നമ്പർ ഉണ്ടാകുക.  

Unique ID number for hallmarked jewellery
Author
Thiruvananthapuram, First Published Jun 18, 2021, 10:41 PM IST
  • Facebook
  • Twitter
  • Whatsapp

സ്വർണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിംഗ് ജൂൺ 16 മുതൽ രാജ്യത്തെ 256 ജില്ലകളിൽ നിർബന്ധമാക്കിയിരിക്കുകയാണ്. ആഭരണങ്ങളിൽ കാരറ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) തിരിച്ചറിയൽ നമ്പറും (ആറക്ക കോഡ്) (യുണീക് ഐഡന്റിഫിക്കേഷൻ-ആൽഫ ന്യൂമറിക് കോഡ്) രേഖപ്പെടുത്തും. ജൂൺ 21 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു.

"സ്വർണാഭരണങ്ങളുടെ നിർമ്മാതാവിനെയും, റിട്ടെയിൽ വിൽപ്പനക്കാരനെയും ഹാൾമാർക്ക് ചെയ്ത സ്ഥാപനത്തെയും കണ്ടെത്താൻ ഏതൊരു ഉപഭോക്താവിനും ഇനിമുതൽ ആഭരണങ്ങളിൽ പതിച്ചിട്ടുള്ള യുഐഡി (ആറക്ക കോഡ്) ബിഐഎസിന്റെ സൈറ്റിൽ തെരഞ്ഞാൽ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, " ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

യുഐഡി സീൽ മാതൃക

(യുഐഡി സീൽ മാതൃക)

മുദ്രകൾ ചെയ്യേണ്ട എല്ലാ ആഭരണവും പരിശുദ്ധി നിർണയിക്കുന്ന മെഷീനീലൂടെ കടന്നുപോയി ശരിയാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ മുദ്ര പതിച്ചു നൽകുകയൊള്ളൂ. ഒരു ഹാൾമാർക്കിംഗ് സെന്ററിന് നിലവിലുള്ള സംവിധാനമനുസരിച്ച് ഒരു ദിവസം 1500 എണ്ണം സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തു നൽകാൻ സാധിക്കും. 500 പീസുകൾ മൂന്ന് ഷിഫ്റ്റായിട്ട് 1500 പീസുകൾ ഹാൾമാർക്ക് ചെയ്യുന്നു. 300 പ്രവർത്തി ദിവസങ്ങൾ കൂട്ടുമ്പോൾ 943 ഹാൾമാർക്കിംഗ് സെന്ററുകൾ വഴി പ്രതിവർഷ ശേഷി 140 ദശലക്ഷം പീസുകളാണ് മുദ്ര ചെയ്യാൻ കഴിയുക.

ഏകദേശം 5000 ടൺ സ്വർണം കൈവശമുള്ള രാജ്യത്തെ ആറ് ലക്ഷത്തോളം സ്വർണ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങനെ ഇത് ലഘൂകരിച്ച് നടപ്പാക്കാമെന്ന് സർക്കാർ വ്യക്തമാക്കണം. വ്യാപാര സംഘടനകളുമായുള്ള ചർച്ചയിലും തുടർന്നു നൽകിയ പത്രക്കുറിപ്പിലും യുഐഡി (യുണീക് ഐഡന്റിഫിക്കേഷൻ) നടപ്പിലാക്കില്ലെന്ന് മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചതാണ്. പിന്നീട് എന്തിനാണ് ഈ സംവിധാനം ധൃതി പിടിച്ച് നടപ്പാക്കാൻ ബിഐഎസ് ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. ഹാൾമാർക്കിംഗ് സെന്ററുകൾ ഇതിന് വേണ്ടി സജ്ജമാകണമെങ്കിൽ തന്നെ മാസങ്ങളെടുക്കും. യുഐഡി സംവിധാനം എല്ലാവർക്കും പ്രാപ്തമാകുന്ന തരത്തിൽ ലളിതവൽക്കരിച്ച് ആവശ്യമായ ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ നടപ്പാക്കാവൂ. പുതിയ സംവിധാനമനുസരിച്ച് ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് മാത്രമേ മുദ്ര പതിച്ചു നൽകാൻ കഴിയുകയൊള്ളുവെന്ന് അഡ്വ എസ് അബ്ദുൽ നാസർ പറയുന്നു.

യുഐഡി മാഞ്ഞുപോകില്ല

ഇപ്പോൾ ഒരെണ്ണം മുദ്ര പതിച്ചു നൽകുന്നതിന് 35 രൂപയും നികുതിയുമാണ് വ്യാപാരികൾ നൽകേണ്ടത്. ഇത് വർധിപ്പിച്ചാൽ അതും കൂടി ഉപഭോക്താവിൽ നിന്നും ഈടാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സ്വർണ വ്യാപാരികൾ വ്യക്തമാക്കുന്നത്. നടപ്പാക്കാനിരിക്കുന്ന യുഐഡിയുമായി ബന്ധപ്പെട്ട് ഇതിന്റെ സോഫ്റ്റ്‍വെയർ ട്രയൽ ബിഐഎസ് നിർബന്ധമാക്കിയിട്ടുണ്ട്. 

ഓരോ ആഭരണത്തിനും ആറക്ക കോഡ് ലഭിക്കും. ഈ കോഡ് ആഭരണത്തിൽ ലേസർ ഉപയോ​ഗിച്ച് പതിപ്പിക്കും. പരിശോധിച്ച കേന്ദ്രം, പരിശുദ്ധി, തൂക്കം, ജ്വല്ലറി എന്നീ വിവരങ്ങളെല്ലാം ഈ നമ്പർ പരിശോധിക്കുന്ന ഏതൊരാൾക്കും വളരെ വേ​ഗം മനസ്സിലാക്കിയെടുക്കാം. യുഐഡി ഉപയോ​ഗിച്ചാൽ ആഭരണങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. അടുത്ത ഘട്ടത്തിൽ ആഭരണത്തിന്റെ ചിത്രവും ലഭ്യമാക്കാനാണ് ബിഐഎസിന്റെ പദ്ധതി. 

എത്രകാലം കഴിഞ്ഞാലും ഈ യുണീക് ഐഡന്റിഫിക്കേഷൻ കോഡ് മാഞ്ഞുപോകില്ല. അതിനാൽ കൈവശമുളള ആഭരണം വിൽക്കുന്ന സമയത്ത് വിപണി വില നേടിയെടുക്കാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും. പുതിയതായി വിൽപ്പനയ്‍ക്കെത്തുന്ന ആഭരണങ്ങളിൽ മാത്രമാകും യുഐഡി കോഡ് ഉണ്ടാകുക.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios