ഗ്രാറ്റുവിറ്റി എന്നാല്‍ ഒരു ജീവനക്കാരന്റെ ദീര്‍ഘകാല സേവനത്തിന് പകരമായി സ്ഥാപനം നല്‍കുന്ന പാരിതോഷികമാണ്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴോ രാജിവെക്കുമ്പോഴോ ആണ് ഇത് ലഭിക്കുക
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഗ്രാറ്റുവിറ്റി കണക്കാക്കുന്ന രീതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു. ഇതുവരെ കമ്പനികള്‍ അടിസ്ഥാന ശമ്പളം കുറച്ച്, അലവന്‍സുകള്‍ കൂട്ടിക്കാണിച്ചിരുന്നത് വഴി ജീവനക്കാര്‍ക്ക് കുറഞ്ഞ ഗ്രാറ്റുവിറ്റി ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടയിടും.
എന്താണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം?
പുതിയ തൊഴില്‍ നിയമ പ്രകാരം, ഒരു ജീവനക്കാരന്റെ ആകെ ശമ്പളത്തിന്റെ 50%-ല്‍ അധികമാണ് അലവന്‍സുകളും മറ്റും എങ്കില്‍, അധികമുള്ള തുകയെല്ലാം അടിസ്ഥാന 'വേതന'ത്തില്‍ ചേര്‍ക്കും. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കുറവാകുമ്പോള്‍ ഗ്രാറ്റുവിറ്റി തുകയും കുറഞ്ഞിരുന്നു. അലവന്‍സുകള്‍ 50% കടന്നാല്‍, ആ അധിക തുക അടിസ്ഥാന വേതനത്തില്‍ കൂട്ടിച്ചേര്‍ക്കും. ഇതോടെ, ഗ്രാറ്റുവിറ്റി കണക്കാക്കാനുള്ള അടിസ്ഥാന തുക കൂടും, ഒപ്പം ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയും വര്‍ധിക്കും. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രൊവിഡന്റ് ഫണ്ട് , ബോണസ്, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളെല്ലാം കൂടുതല്‍ ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുക. ഇത് ജീവനക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടമാകും നല്‍കുക.
എന്താണ് ഗ്രാറ്റുവിറ്റി? എങ്ങനെ കണക്കാക്കും?
ഗ്രാറ്റുവിറ്റി എന്നാല്‍ ഒരു ജീവനക്കാരന്റെ ദീര്‍ഘകാല സേവനത്തിന് പകരമായി സ്ഥാപനം നല്‍കുന്ന പാരിതോഷികമാണ്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴോ രാജിവെക്കുമ്പോഴോ ആണ് ഇത് ലഭിക്കുക. 1972-ലെ നിയമപ്രകാരം, അവസാനമായി വാങ്ങിയ മാസശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും) ഉപയോഗിച്ചാണ് കണക്കാക്കുന്നത്.
ഗ്രാാറ്റുവിറ്റി സിടിസിയുടെ ഭാഗമാണോ?
പലപ്പോഴും ഉദ്യോഗാര്‍ത്ഥികളെ കുഴക്കുന്ന ചോദ്യമാണിത്. സിടിസിയുടെ ഭാഗമാണ് ഗ്രാറ്റുവിറ്റി എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കമ്പനി ഭാവിയില്‍ ജീവനക്കാരന് നല്‍കേണ്ട തുകയാണിത്. അതിനാല്‍ ഇത് സിടിസിയില്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍, 1972-ലെ ഗ്രാറ്റുവിറ്റി നിയമത്തിലോ പുതിയ സോഷ്യല്‍ സെക്യൂരിറ്റി കോഡിലോ ഇത് സിടിസിയില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എങ്കിലും കണക്കുകള്‍ കൃത്യമാക്കാനും നികുതി ആവശ്യങ്ങള്‍ക്കുമായി ചില കമ്പനികള്‍ ഗ്രാറ്റുവിറ്റി സിടിസിയുടെ ഭാഗമാക്കാറുണ്ട്.
പുതിയ നിയമത്തിലെ 4 പ്രധാന മാറ്റങ്ങള്‍
1. നേരത്തെ ഗ്രാറ്റുവിറ്റി ലഭിക്കാന്‍ 5 വര്‍ഷത്തെ തുടര്‍ച്ചയായ സേവനം വേണ്ടിയിരുന്നു. എന്നാല്‍ ഒരു നിശ്ചിത കാലയളവിലേക്ക് കരാറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഒരു വര്‍ഷത്തെ സേവനം മതിയാകും. 2.കോണ്‍ട്രാക്ടര്‍ വഴി ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്കും ഇനി ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴിലുടമ ബാധ്യസ്ഥനാണ് 3. കരാര്‍ ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള യോഗ്യതാ കാലയളവ് 5 വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചു. 4. കയറ്റുമതി മേഖലയിലെ ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.


