ഹണി ബീ, ഗ്രീൻ ലേബൽ തുടങ്ങിയ 32  ബ്രാൻഡുകൾ ഇനി സിംഗപ്പൂർ കമ്പനിയായ ഇൻബ്രൂവിന് സ്വന്തം.  

രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ (United Spirits Limited) 32 മദ്യ ബ്രാൻഡുകൾ ഇനി സിംഗപ്പൂർ കമ്പനിയായ ഇൻബ്രൂവിന് സ്വന്തം. 820 കോടി രൂപയ്ക്കാണ് ബ്രിട്ടീഷ് ബിവറേജസ് ആൻഡ് ആൽക്കഹോൾ കമ്പനിയായ ഡിയാജിയോയുടെ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്‌സ് അതിന്റെ 32 മദ്യ ബ്രാൻഡുകൾ ഇന്ത്യൻ വ്യവസായി രവി ഡിയോളിന്റെ ഉടമസ്ഥതയിലുള്ള ഇൻബ്രൂ ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിൽക്കുന്നത്. 

ഹേവാർഡ്‌സ്, ഓൾഡ് ടാവേൺ, വൈറ്റ്-മിസ്‌ചീഫ്, ഹണി ബീ, ഗ്രീൻ ലേബൽ, റൊമാനോവ് എന്നിവ ഉൾപ്പടെയുള്ള ജനപ്രിയ ബ്രാൻഡുകൾ വിൽപ്പനയിലുണ്ട്. ഇതോടെ ഇവയെല്ലാം പ്രീമിയം ബ്രാൻഡുകളായി മാറും. 

യുണൈറ്റഡ് സ്പരിറ്റ്‌സിനെയും ഐപിഎല്‍ ടീമായ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെയും വിവാദ സംരംഭകന്‍ വിജയ് മല്യയില്‍ നിന്ന് 2013 ലാണ് ബ്രിട്ടീഷ് കമ്പനി ഡിയാജിയോ ഏറ്റെടുക്കുന്നത്. 

Read Also : Milma : ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

ജനപ്രിയ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിലൂടെ ഇൻബ്രൂവിന് ഇന്ത്യയിലെ പ്രധാന മദ്യ വിതരണ കമ്പനിയാകാൻ സാധിക്കും. കാരണം പതിറ്റാണ്ടുകളായി ഇന്ത്യയിൽ വൻ ഡിമാന്റുള്ള ബ്രാൻഡുകളാണ് ഇവ. ബാഗ്‌പൈപ്പര്‍, ബ്ലൂ റിബാന്‍ഡ് അടക്കം 12 ബ്രാന്‍ഡുകള്‍ 5 വര്‍ഷത്തേക്ക് ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശവും ഇന്‍ബ്രൂ നേടിയിട്ടുണ്ട്. അതേ സമയം മക്‌ഡൊവെല്‍സ്, ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്നീ ബ്രാന്‍ഡുകള്‍ യുണൈറ്റഡ് സ്പിരിറ്റ് നിലനിർത്തുകയും ചെയ്തു.

Read Also : വ്യാജ റിവ്യൂ ഇട്ടാൽ ഇനി കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായി പുതിയ സംവിധാനം ഒരുക്കാൻ കേന്ദ്രം

ബ്രാൻഡുകളുമായി ബന്ധപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങൾ, അനുബന്ധ പെർമിറ്റുകൾ, ജീവനക്കാർ, ഫാക്ടറികൾ എന്നിവ വില്‍പനയില്‍ ഉൾപ്പെടും. മില്ലർ, കാർലിംഗ്, ബ്ലൂ മൂൺ, കോബ്ര തുടങ്ങിയ ബിയർ ബ്രാൻഡുകൾ ഇന്ത്യയിൽ വിൽക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായി 2021-ൽ, പ്രമുഖ മദ്യ ഉത്പാദന കമ്പനിയായ മൊൾസൺ കൂർസിന്റെ ഇന്ത്യൻ ബിസിനസും ഇൻബ്രൂ ഏറ്റെടുത്തിരുന്നു.