ദില്ലി: കൊവിഡ് കാലത്ത് ഉപഭോക്താക്കൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് തുടങ്ങിയതോടെ അതിനും ഫീസ് ഈടാക്കുകയാണ് സ്വകാര്യ ബാങ്കുകൾ. യുപിഐ പേമെന്റ് പൂർണ്ണമായും സൗജന്യാമായിരിക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ് ലംഘിക്കപ്പെടുന്നത്.

യുപിഐ വഴി ഒരു വ്യക്തി മറ്റ് സ്വകാര്യ വ്യക്തികൾക്ക് പണമയക്കുന്നത് 20 തവണ വരെ സൗജന്യമാണ്. അതിന് മുകളിൽ ഇടപാടുകളുണ്ടായാൽ, 2.50 രൂപ മുതൽ അഞ്ച് രൂപ വരെ ഇടപാടിന് മുകളിൽ ബാങ്കിന് ഫീസ് നൽകണം എന്നാണ് സ്ഥിതി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില സ്വകാര്യ ബാങ്കുകളുടെ ഭാ​ഗത്ത് നിന്നാണ് ഈ നീക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺ കാലത്ത് ഓരോ മാസവും യുപിഐ ഇടപാടുകളിൽ എട്ട് ശതമാനം വളർച്ചയാണ് ഉണ്ടായത്. ആഗസ്റ്റ് മാസത്തിൽ 160 കോടി ഇടപാടുകൾ നടക്കുമെന്നാണ് റിപ്പോർട്ട്. 

എന്നാൽ, ഇടപാടുകളുടെ ലോഡ് സിസ്റ്റത്തിൽ കുറയ്ക്കാനാണ് ഈ നിസാര നിരക്ക് ഏർപ്പെടുത്തിയതെന്ന ന്യായീകരണമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.