മുംബൈ: രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്. അര്‍ബര്‍ സഹകരണ ബാങ്കുകളുടെ ഭരണ സംവിധാനവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇനി മുതല്‍ ഡയറക്ടര്‍ ബോര്‍ഡിന് പുറമേ മാനേജ്മെന്‍റ് ബോര്‍ഡ് കൂടി രൂപവല്‍ക്കരിക്കണം. 100 കോടിക്ക് മുകളില്‍ നിക്ഷേപമുളള ബാങ്കുകളാണ് മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കേണ്ടത്. 

പുതിയ ശാഖകള്‍ തുറക്കുക, പ്രവര്‍ത്തന മണ്ഡല വിപുലീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബാങ്കുകളും മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിച്ചിരിക്കണം. മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സിഇഒയെ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) നിയമിക്കുന്നതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരിക്കണം. 

ഡയറക്ടര്‍ ബോര്‍ഡ‍് ആയിരുക്കും മാനേജ്മെന്‍റ് ബോര്‍ഡിനെ നിയമിക്കുക. ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് മാനേജ്മെന്‍റ് ബോര്‍ഡിലും അംഗമാകാമെങ്കിലും ഇവരുടെ എണ്ണം മൊത്തം ബോര്‍ഡ് അംഗസംഖ്യയുടെ പകുതിയില്‍ കൂടാന്‍ പാടില്ല. സിഇഒയെ കൂടാതെ ചുരുങ്ങിയത് മാനേജ്മെന്‍റ് ബോര്‍ഡില്‍ അഞ്ച് അംഗങ്ങളുണ്ടാകണം, പരമാവധി അംഗസംഖ്യ 12 ആയിരിക്കും.