ആഗോള ഡ്രോണ്‍ വിപണിയിലെ ചൈനീസ് ആധിപത്യം കുറയ്ക്കുന്നതിനും ദേശീയ സുരക്ഷാ കാരണങ്ങളാലും ഇറക്കുമതി ചെയ്യുന്ന ഡ്രോണുകള്‍ക്ക് 100% വരെ തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. ചൈനീസ് കമ്പനിയായ ഡിജെഐയെ ലക്ഷ്യമിട്ടുള്ള ഈ നീക്കം, ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമാകുന്ന വ്യാപാര തര്‍ക്കങ്ങളുടെ ഭാഗമാണ്.

ഇറക്കുമതി ചെയ്യുന്ന ഡ്രോണുകള്‍ക്കും അവയുടെ ഘടകങ്ങള്‍ക്കും 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള ഡ്രോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പറന്നുയരുമ്പോള്‍ 25 കിലോഗ്രാമിലധികം ഭാരമുള്ളവയും, തെര്‍മല്‍ ഇമേജിംഗ്, ഡോക്കിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ പ്രത്യേക സംവിധാനങ്ങളുള്ളതുമായ ഡ്രോണുകള്‍ക്കാണ് 100 ശതമാനം നികുതി ചുമത്തുകയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചെറിയ ഡ്രോണുകള്‍ക്ക് 25 ശതമാനമായിരിക്കും തീരുവ ഈടാക്കുക.

പഠനങ്ങള്‍ പ്രകാരം ആഗോള ഡ്രോണ്‍ വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം നിയന്ത്രിക്കുന്ന ചൈനീസ് കമ്പനിയായ ഡിജെഐയെ ലക്ഷ്യമിട്ടാണ് പുതിയ തീരുവകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. 2006-ലാണ് ഡിജെഐ സ്ഥാപിതമായത്. വാഷിംഗ്ടണും ബീജിംഗും തമ്മില്‍ ഡ്രോണ്‍ മേഖലയുമായി ബന്ധപ്പെട്ട് രൂക്ഷമാകുന്ന വ്യാപാര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം. നിര്‍ബന്ധിത തൊഴില്‍, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട യുഎസിന്റെ വ്യാപാര ഉപരോധങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ആഴ്ച ചൈന യുഎസിലേക്കുള്ള ഡ്രോണ്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആറ് അമേരിക്കന്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചൈനയ്ക്കും മറ്റ് 59 രാജ്യങ്ങള്‍ക്കുമെതിരെ അമേരിക്ക പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ചൈനയുടെ ഈ നീക്കം.

തന്ത്രപരമായി പ്രധാനപ്പെട്ട വ്യവസായങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദന ശേഷി വീണ്ടെടുക്കാന്‍ അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ചൈനീസ് ആധിപത്യമുള്ള സാങ്കേതിക മേഖലകള്‍ക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളുടെ വിശാലമായ മാതൃകയിലേക്കാണ് പുതിയ ഡ്രോണ്‍ തീരുവകളും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.ചൈനയ്ക്ക് വലിയ വിപണി ആധിപത്യമുള്ള സെമികണ്ടക്ടറുകള്‍, റെയര്‍ എര്‍ത്ത്‌സ്, മറ്റ് നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് സമാനമാണ് ഡ്രോണുകളുടെ കാര്യത്തിലുമുള്ള ഈ ഏറ്റുമുട്ടല്‍.