ആഗോള ഇന്ധനവില വർദ്ധനവിനെ തുടർന്ന് റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന നീക്കം നിയമലംഘനമാണെന്ന് സെനറ്റർമാരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.

ഇറാന്‍ യുദ്ധം ആഗോള ഇന്ധനവിലയെ പ്രതികൂലമായി ബാധിച്ചതോടെ, റഷ്യയില്‍ നിന്ന് ഡീസല്‍ ഇറക്കുമതി ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. റഷ്യന്‍ എണ്ണയ്ക്കും വാതകത്തിനുമെതിരെ പുതിയ ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, അമേരിക്കന്‍, ആഗോള വിപണികളിലേക്ക് 3,00,000 ടണ്‍ ഡീസല്‍ ഉടന്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ നവംബറില്‍ 5,00,000 ടണ്ണും തുടര്‍ന്ന് 10 ലക്ഷം ടണ്ണും റഷ്യ നല്‍കും. റഷ്യന്‍ റിഫൈനറികള്‍ക്ക് യുക്രെയ്ന്‍ യുദ്ധത്തില്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, സാഹചര്യങ്ങള്‍ക്കനുസരിച്ച് മൂന്ന് ദശലക്ഷം ടണ്‍ കൂടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയെ നേരത്തെ ട്രംപ് ഭരണകൂടം വിലക്കിയിരുന്നു.

നിയമലംഘനമെന്ന് സെനറ്റര്‍മാരുടെ മുന്നറിയിപ്പ്

ഡീസല്‍ ഇറക്കുമതി യുഎസ് നിയമങ്ങളുടെ ലംഘനമാണെന്ന് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സെനറ്റര്‍മാരുടെ ഏഴംഗ സംഘം ട്രംപിനോട് ഈ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.റഷ്യ യുക്രെയ്ന്‍ സിവിലിയന്മാരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോള്‍ പുടിന് സാമ്പത്തിക സഹായം നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. പുടിന്റെ യുദ്ധത്തെ അമേരിക്കന്‍ ഡോളര്‍ കൊണ്ട് ധനസഹായം നല്‍കുന്നത് തടയാന്‍ 2022-ല്‍ തന്നെ കോണ്‍ഗ്രസ് റഷ്യന്‍ ഊര്‍ജ്ജ ഇറക്കുമതി ഔദ്യോഗികമായി നിരോധിച്ചിരുന്നതാണെന്നും സെനറ്റര്‍മാര്‍ ഓര്‍മ്മിപ്പിച്ചു. കരാറിന്റെ ഭാഗമായി ഏപ്രില്‍ 7 വരെ റഷ്യന്‍ ഡീസല്‍ കയറ്റുമതിയുടെ മേലുള്ള ഉപരോധം യുഎസ് ട്രഷറി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ അമേരിക്കന്‍ ബാങ്കുകളിലെ റഷ്യന്‍ ആസ്തികള്‍ ഇപ്പോഴും മരവിപ്പിച്ച നിലയിലാണ്.

തിരഞ്ഞെടുപ്പും ഇന്ധനവിലയും

ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇസ്രായേല്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ആഗോള ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇന്ധന വിലക്കയറ്റം തിരിച്ചടിയാകാതിരിക്കാനാണ് ട്രംപിന്റെ നീക്കം.സാമ്പത്തിക രംഗത്തെയും ഇറാനിലെ യുദ്ധത്തെയും ട്രംപ് കൈകാര്യം ചെയ്ത രീതിയില്‍ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലകളെയാണ് യുദ്ധം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.