കൊച്ചി: അസംസ്കൃത എണ്ണവിലയിൽ കുറവ്. ബ്രെൻഡ് ക്രൂഡ് ബാരലിന് 64.06 ഡോളറിലെത്തി. 0.5 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ചൈനയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ നാല് മാസമായി ഇടിഞ്ഞു എന്ന കണക്കുകൾക്ക് പിന്നാലെയാണ് അസംസ്കൃത എണ്ണവിലയും ഇടിഞ്ഞത്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്നുള്ള കയറ്റുമതി നവംബറിൽ 1.1 ശതമാനം ഇടിഞ്ഞതായി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ചൈന- അമേരിക്ക വ്യാപാരകരാറിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതും എണ്ണവില കുറയാൻ കാരണമായി.

അസംസ്കൃത എണ്ണ ഉത്പാദനം പ്രതിദിനം അഞ്ച് ലക്ഷം ബാരൽ കൂടി കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച ബ്രെൻഡ് ക്രൂഡിന് മൂന്ന് ശതമാനം വരെ വില കൂടിയിരുന്നു. ഡബ്ല്യുടിഐ എണ്ണവില ബാരലിന് പോയിന്റ് 6 ശതമാനം കുറഞ്ഞ്  58.85 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച ഏഴ് ശതമാനം വില കൂടിയിരുന്നു. ആഗോള എണ്ണവില കുറയുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഏറെ സഹായകരമാണ്.