കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ നിന്ന് പുതിയ പ്രതിവാര കണ്ടെയ്‌നർ ട്രെയിൻ സർവീസ് ആരംഭിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്കാണ് ട്രെയിൻ സർവീസ്. കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ)യാണ് പ്രതിവാര ട്രെയിൻ സർവീസ് ആരംഭിച്ചത്.

കണ്ടെയ്‌നറുകൾ റോഡ് മാർഗം ബെംഗളൂരുവിൽ നിന്നു വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലിക്ക് എത്തിക്കാനുള്ള ചെലവ് ലാഭിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമായതോടെ ഇനി 40 ശതമാനം ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ട്രെയിൻ സർവ്വീസ് യാഥാർത്ഥ്യമായാൽ കണ്ടെയ്‌നറുകൾ വല്ലാർപാടത്ത് എത്തിക്കുന്നതിനുള്ള സമയവും ലാഭിക്കാനാവും. സഞ്ചാരസമയം ആറ് ദിവസം വരെ കുറയുകയും ആഗോള വിപണികളിലേക്ക് വേഗത്തിലെത്താൻ കഴിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കൊച്ചിയിൽ നടന്നു. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന, കോൺകോർ എക്സിക്യുട്ടീവ്
ഡയറക്ടർ സഞ്ജയ് ബാജ്‌പേയ് എന്നിവർ ചേർന്ന് സർവീസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.

ഉദ്ഘാടന ഓട്ടത്തിൽ അവാന ലോജിസ്റ്റിക് ലിമിറ്റഡിന് വേണ്ടി 80 ടി.ഇ.യു. ചരക്ക് എത്തിച്ചു. കൊളംബോ തുറമുഖം വഴി റൂട്ട് ചെയ്യുന്നതിനു പകരം യൂറോപ്പ്, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ സർവീസുകളിലേക്ക് കൊച്ചി വഴി നേരിട്ട് ബന്ധിപ്പിക്കാൻ റെയിൽ സർവീസ് ഉപഭോക്താക്കൾക്ക് അവസരം കിട്ടുമെന്നതാണ് മേന്മ.