രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്സ് 100 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 24,400ന് താഴെ എത്തുകയും പിന്നീട് തിരികെ കയറുകയും ചെയ്തു.
മുംബൈ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിന്റെ അലയൊലികൾ ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും അസ്ഥിരത പ്രകടമാക്കി. സെൻസെക്സ് 100 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 24,400ന് താഴെ എത്തുകയും പിന്നീട് തിരികെ കയറുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പ്രതിഫലനം വിപണിയിൽ ഏത് തരത്തിലായിരിക്കുമെന്നറിയാൻ നിക്ഷേപകർ കാത്തിരിക്കുകയായിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതിനാൽ അതിന്റെ ആഘാതം വലിയ തോതിൽ വിപണിയെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദദ്ധർ പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിലെ തുടർ സംഭവവികാസങ്ങൾ അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ എന്ത് സംഭവിക്കുമെന്നത് വ്യക്തമാവുന്നത്. രാവിലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് വിപണി തിരികെ കയറി. നിലവിൽ കാര്യമായ കയറ്റിറക്കങ്ങളില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്.


