പറഞ്ഞ അളവിലുള്ള സ്വര്‍ണം ഇല്ലെങ്കിലോ, കാലിയായ നിലവറയാണെങ്കിലോ ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നേക്കും.

ഗോളതലത്തില്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമായി അമേരിക്കയിലെ സ്വര്‍ണശേഖര കേന്ദ്രമായ ഫോര്‍ട്ട്നോക്സ്. രേഖകള്‍ പ്രകാരമുള്ള സ്വര്‍ണം പൂര്‍ണമായും അവിടെയുണ്ടെന്ന് ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപും ആഗോള സമ്പന്നന്‍ ഇലോണ്‍ മസ്കും പറഞ്ഞതോടെയാണ് ഫോര്‍ട്ട്നോക്സ് വാര്‍ത്തകളിലിടം പിടിച്ചത്. ''ഒരുപക്ഷേ അത് അവിടെയുണ്ടാകാം, ഒരുപക്ഷേ ഇല്ലായിരിക്കാം. ആ സ്വര്‍ണ്ണം അമേരിക്കന്‍ പൊതുജനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്! അത് ഇപ്പോഴും അവിടെയുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയണം". എന്നായിരുന്നു ഇലോണ്‍ മസ്കിന്‍റെ ആവശ്യം . തൊട്ടു പിന്നാലെ താനും ഫോര്‍ട്ട്നോക്സിലേക്ക് പോകുമെന്ന് ട്രംപും വ്യക്തമാക്കി. 147 ദശലക്ഷം ട്രോയ് ഔണ്‍സ് സ്വര്‍ണ്ണം ആണ് ഇവിടെയുള്ളതെന്ന് യുഎസ് ട്രഷറി രേഖകള്‍ പറയുന്നു. 36 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇവിടെയുള്ളത്. അതേ സമയം എന്നാണ് ഫോര്‍ട്ട് നോക്സിലേക്ക് പോവുകയെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. 

ഫോര്‍ട്ട്നോക്സിന്‍റെ ചരിത്രം

യുഎസിലെ കെന്‍റക്കിയില്‍ 109,000 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പ് നോക്സ് എന്ന പേരിലുള്ള ആര്‍മി പോസ്റ്റാണ് പിന്നീട് ഫോര്‍ട്ട് നോക്സായത്. 1937 ല്‍ ആണ് യുഎസിന്‍റെ ആകെ സ്വര്‍ണ ശേഖരത്തിലെ ഒരു ഭാഗം ഫോര്‍ട്ട് നോക്സിലേക്ക് മാറ്റുന്നത്.വളരെ സുരക്ഷിതമാണ് ഇവിടെയുള്ള നിലവറയെന്ന് യുഎസ് ട്രഷറി വകുപ്പ് പറയുന്നു. 16,000 ക്യുബിക് ഫീറ്റ് ഗ്രാനൈറ്റ്, 4,200 ക്യുബിക് യാര്‍ഡ് കോണ്‍ക്രീറ്റ്, 750 ടണ്‍ റീഇന്‍ഫോഴ്സിംഗ് സ്റ്റീല്‍, 670 ടണ്‍ സ്ട്രക്ചറല്‍ സ്റ്റീല്‍ എന്നിവ ഉപയോഗിച്ചാണ് ഈ നിലവറ നിര്‍മ്മിച്ചത്. 1974 ല്‍ ഫോര്‍ട്ട് നോക്സിലെ സ്വര്‍ണം അവിടത്തെനെയുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് വാദം ഉയര്‍ന്നപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് റെപ്രസന്‍റേറ്റീവ്സിനും വേണ്ടി നിലവറകള്‍ തുറന്നുകൊടുത്തിരുന്നു. . അത് വരെ അവിടെയുള്ള സ്വര്‍ണ ശേഖരം കണ്ട പുറത്തുനിന്നുള്ള ഏക വ്യക്തി പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റ് ആയിരുന്നു.

സ്വര്‍ണം ഇല്ലെങ്കിലോ?

 പറഞ്ഞ അളവിലുള്ള സ്വര്‍ണം ഇല്ലെങ്കിലോ, കാലിയായ നിലവറയാണെങ്കിലോ ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നേക്കും. ഫോര്‍ട്ട് നോക്സിന്‍റെ വിശ്വാസ്യതയിടിഞ്ഞാല്‍ ഡോളറിന്‍റെ മൂല്യത്തിലും ഇടിവ് സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.