അരനൂറ്റാണ്ട് കാലം അമരത്തിരുന്ന ശേഷം ഫെഡ് എക്സിന്റെ തലപ്പത്ത് നിന്ന് മാറിനിൽക്കാൻ, അതിന്റെ സ്ഥാപകൻ കൂടിയായ സ്മിത്ത് തീരുമാനിച്ചപ്പോൾ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മനസിൽ ആ സ്ഥാനത്തേക്ക് പകരക്കാരനായി ഉയർന്ന പേരാണ് രാജ് സുബ്രഹ്മണ്യം.
നീണ്ട 21 വർഷം. അത് ഫെഡ് എക്സ് എന്ന ലോകമറിയുന്ന കമ്പനിയുടെ പല തട്ടുകളിൽ രാജ് സുബ്രഹ്മണ്യമെന്ന മലയാളി ചെലവഴിച്ച കാലഘട്ടമാണ്. കമ്പനിയുടെ പുതിയ സിഇഒ ആയി ഡബ്ല്യു സ്മിത്തിന്റെ പിൻഗാമിയാവുകയാണ് ഈ കോർപറേറ്റ് വെറ്ററൻ. കേരളത്തിന്റെ മുൻ ഡിജിപി സുബ്രഹ്മണ്യത്തിന്റെ മകൻ കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം.
അരനൂറ്റാണ്ട് കാലം അമരത്തിരുന്ന ശേഷം ഫെഡ് എക്സിന്റെ തലപ്പത്ത് നിന്ന് മാറിനിൽക്കാൻ, അതിന്റെ സ്ഥാപകൻ കൂടിയായ സ്മിത്ത് തീരുമാനിച്ചപ്പോൾ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മനസിൽ ആ സ്ഥാനത്തേക്ക് പകരക്കാരനായി ഉയർന്ന പേരാണ് രാജ് സുബ്രഹ്മണ്യം. രാജ് സുബ്രഹ്മണ്യം മാത്രമല്ല മകൻ അർജുൻ രാജേഷ്, സഹോദരൻ രാജീവ് സുബ്രഹ്മണ്യം എന്നിവരെല്ലാം ഫെഡ്എക്സിൽ തന്നെയാണ് ജോലി
ചെയ്യുന്നത്. രാജിന്റെ ഭാര്യ ഉമ സുബ്രഹ്മണ്യം നേരത്തെ ഫെഡ്എക്സിലായിരുന്നു.
സ്മിത്തിന്റെ അടുപ്പക്കാരിൽ പ്രധാനിയായിരുന്നു രാജ്. വളരെക്കാലമായി സ്മിത്തിന്റെ നിഴലായി അദ്ദേഹത്തിനൊപ്പം എല്ലാ യാത്രകളിലും
സ്മിത്തുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ കൽപ്പാത്തി സ്വദേശിയാണ് രാജിന്റെ അച്ഛൻ സുബ്രഹ്മണ്യം. ഇദ്ദേഹം 1958 ൽ ഐപിഎസ് പാസായി. 1964 ൽ തിരുവനന്തപുരത്ത് റൂറൽ എസ്പിയായി. 1971-73 കാലത്ത് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, 1991-93 കാലത്ത് സംസ്ഥാന പൊലീസ് മേധാവിയുമായി.
ലയോള സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ് 1983 ൽ ബോംബെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ് ബിരുദം സ്വർണ മെഡലോടെ പാസായി. അച്ഛനെ പോലെ സിവിൽ സർവീസായിരുന്നു കുടുംബം നിർദ്ദേശിച്ചതെങ്കിലും വിദേശ പഠനം മോഹമായെടുത്ത് രാജ് അമേരിക്കയിൽ ഉപരിപഠനത്തിനായി പോയി.
യുഎസിൽ നിന്ന് എംബിഎ പഠിച്ചിറങ്ങിയപ്പോൾ ക്യാംപസ് പ്ലേസ്മെന്റ് വഴി ഫെഡ്എക്സിൽ ജൂനിയർ അനലിസ്റ്റായി. 24ാം വയസിൽ ഐഐഎം അഹമ്മദാബാദിൽ വിദ്യാർത്ഥിയായിരുന്ന ഉമയെ വിവാഹം കഴിച്ചു. 1996 മുതൽ 2003 വരെ ഹോങ്കോങിൽ ഫെഡ്എക്സിന്റെ വൈസ് പ്രസിഡന്റായിരുന്നു. 2006 വരെ കാനഡയുടെ ചുമതലയുള്ള പ്രസിഡന്റ് പദവിയിലേക്ക് മാറി.
2012ൽ കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, 2017 ൽ പ്രസിഡന്റ് പദവിയിലുമെത്തി. 2019 ൽ ഫെഡെക്സ് കോർപറേഷൻ പ്രസിഡന്റായ രാജിനെ 2020 ലാണ് ഡയറക്ടർ ബോർജഡിലേക്ക് എത്തിയത്. ഒടുവിൽ സ്മിത്ത് കളമൊഴിയുമ്പോൾ പകരക്കാരന്റെ ചുമതലയിലേക്ക് കൂടി രാജ് എത്തുന്നു. മലയാളികൾക്ക് ഇനി അഭിമാനത്തോടെ പറയാം, ഞങ്ങളുടെ രാജാണ് ഫെഡ്എക്സിനെ നയിക്കുന്നതെന്ന്.
