പശ്ചിമേഷ്യൻ യുദ്ധം ഒരു മാസമായിട്ടും സ്വർണവില ഉയരാത്തതിന്റെ കാരണങ്ങൾ ഈ ലേഖനം വിശദീകരിക്കുന്നു. അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പലിശനിരക്ക് വർദ്ധന, ഡോളറിന്റെ മൂല്യവർദ്ധന, ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ എങ്ങനെ സ്വാധീനിച്ചു എന്ന് ഇതിൽ പ്രതിപാദിക്കുന്നു
തിരുവനന്തപുരം: ലോകം അതീവ ആശങ്കയോടെ നോക്കിക്കാണുന്ന പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇത്തരം സാഹചര്യങ്ങളിൽ ആഗോള തലത്തിൽ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പിന്മാറുകയും സ്വർണം സുരക്ഷിത നിക്ഷേപമായി മാറുകയും ചെയ്യുന്നതായിരുന്നു പതിവ് കാഴ്‌ച. 2008 ലെ സാമ്പത്തിക മാന്ദ്യ ഘട്ടത്തിലും പിന്നീട് കോവിഡ് 19 മഹാമാരി വന്നപ്പോഴും അതിന് ശേഷം ലോകം സാക്ഷിയായ റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ച ഘട്ടത്തിലും സ്വർണവില ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ വിവിധങ്ങളായ ഘടകങ്ങൾ സ്വാധീനിച്ച് ഈ വർഷം ആദ്യവും സ്വർണവില ഉയർന്നു. എന്നാൽ പിന്നീട് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും തീവ്രമായ യുദ്ധസാഹചര്യത്തിലേക്ക് പശ്ചിമേഷ്യ നീങ്ങിയ ഘട്ടത്തിൽ സ്വർണവില താഴേക്ക് പോവുകയും പിന്നീട് വില ചാഞ്ചാടി നിൽക്കുകയും ചെയ്യുന്നതാണ് കാഴ്ച. യുദ്ധമുണ്ടായിട്ടും സ്വർണവില വർധിക്കാത്തത് എന്തുകൊണ്ട് എന്നതിന് പല കാരണങ്ങളുണ്ട്.
അമേരിക്കയുടെ തന്ത്രങ്ങൾ
ഈ വർഷം ആദ്യം വൻതോതിൽ നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങിയ ഘട്ടത്തിൽ ഓഹരി വിപണികൾ തിരിച്ചടി നേരിട്ടിരുന്നു. ഫെഡറൽ റിസർവ് അധ്യക്ഷനും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ ഇതിൻ്റെ പേരിൽ രൂക്ഷമായ വാക്പോരുണ്ടായി. ഒടുവിൽ ട്രംപിൻ്റെ വാക്കുകേട്ട് അമേരിക്കയിലെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയർത്തി. ഇതോടെ നിക്ഷേപകർ ബോണ്ടുകളിൽ നിന്നും ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ ലാഭമുണ്ടാക്കാമെന്ന് മുന്നിൽ കണ്ടു. സ്വർണത്തിന് പ്രത്യേക പലിശ ലഭിക്കില്ലെന്നതും നിക്ഷേപകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ അമേരിക്കൻ ഓഹരി വിപണികൾ ശക്തിയാർജ്ജിക്കുകയും ഇതിൻ്റെ പ്രതിഫലനം ഡോളറിന് മേൽ പ്രകടമാവുകയും ചെയ്തു.
ആഗോള വിപണിയിൽ നിക്ഷേപകർ സ്വർണ്ണം വാങ്ങുന്നത് ഡോളർ ഉപയോഗിച്ചാണ്. ക്രയവിക്രയം കൂടിയപ്പോൾ യുഎസ് ഡോളറിന്റെ മൂല്യം ഉയർന്നു. ഇന്ത്യൻ നിക്ഷേപകർക്കടക്കം ഡോളറിന് കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടായി. ഇതോടെ സ്വർണത്തിന് ഡിമാൻഡ് കുറഞ്ഞത് വില താഴാൻ കാരണമായി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളടക്കം സ്വർണം വാങ്ങിക്കൂട്ടാൻ രംഗത്ത് വന്നിരുന്നെങ്കിലും വില കുതിച്ചുയർന്നതും ഡോളർ മൂല്യം ഉയർന്നതും ഇവരെയും പിന്നോട്ട് വലിച്ചു. കൈയ്യിലുണ്ടായിരുന്ന സ്വർണം വിറ്റ് പരമാവധി ലാഭം കൊയ്യാൻ ഇവർ ശ്രമിച്ചതും വില താഴേക്ക് പോകാൻ കാരണമായി.
പിന്നാലെയാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ സൈനിക നീക്കം തുടങ്ങിയത്. സ്വർണവില വീണ്ടുമുയരുമെന്ന പ്രതീക്ഷിച്ചവരെയെല്ലാം അമ്പരപ്പിച്ച് വില താഴേക്ക് പോകുന്നതാണ് പിന്നീട് കണ്ടത്. ഇതിന് പ്രധാന കാരണം ക്രൂഡ് ഓയിൽ വിലയും പണപ്പെരുപ്പവുമായിരുന്നു. ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് സാധനങ്ങളുടെ കടത്തുകൂലിയും ഉൽപ്പാദനച്ചെലവും കൂടാൻ കാരണമായി. ഇതോടെ പണപ്പെരുപ്പം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകളെല്ലാം പലിശ നിരക്ക് ഉയർത്താൻ നിർബന്ധിതരായതും സ്വർണവിലയെ താഴേക്ക് വലിച്ചു. വില താഴേക്ക് പോകുന്നത് കണ്ട് ആഗോള വിപണിയിലെ നിക്ഷേപകർ ഇത് വിറ്റൊഴിവാക്കി.
സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?
സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.


