എഫ്എംസിജി ഉല്‍പ്പന്ന വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസും, അദാനി ഗ്രൂപ്പും, ടാറ്റയും.

രാജ്യത്ത് അതിവേഗം വളരുന്ന എഫ്എംസിജി ഉല്‍പ്പന്ന വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസും, അദാനി ഗ്രൂപ്പും, ടാറ്റയും. ഇന്ത്യന്‍ എഫ്എംസിജി വിപണിയുടെ വലിയൊരു ഭാഗം കയ്യടക്കിയിരിക്കുന്ന ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, കൊക്കകോള, എന്നിവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് വമ്പന്‍ കമ്പനികള്‍ രംഗത്തെത്തുന്നത്. റിലയന്‍സ് അതിന്‍റെ എഫ്എംസിജി വിഭാഗം വിപുലീകരിക്കുന്നതിന് 3,900 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ്.

അദാനി ഗ്രൂപ്പിന്‍റെ എഫ്എംസിജി വിഭാഗമായ അദാനി വില്‍മര്‍ കുറഞ്ഞത് മൂന്ന് കമ്പനികള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. സുഗന്ധവ്യഞ്ജനങ്ങള്‍, പാക്കേജുചെയ്ത ഭക്ഷ്യവസ്തുക്കള്‍, റെഡി-ടു-കുക്ക് ബ്രാന്‍ഡുകള്‍ എന്നിവയാണ് അദാനി വാങ്ങാന്‍ സാധ്യയുള്ള കമ്പനികള്‍. ഏതാണ്ട് 8300 കോടി രൂപ അദാനി ഇതിനായി ചെലവഴിക്കുമെന്നാണ് സൂചനകള്‍.

ടാറ്റ ഗ്രൂപ്പിന്‍റെ എഫ്എംസിജി വിഭാഗമായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ഒരു സമ്പൂര്‍ണ്ണ എഫ്എംസിജി കമ്പനിയാകാനാണ് ആലോചിക്കുന്നത്. ഇതിനായി കൂടുതല്‍ കമ്പനികള്‍ ഏറ്റെടുക്കുന്നത് ടാറ്റയുടെ പരിഗണനയിലാണ്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഉപസ്ഥാപനങ്ങളായ ടാറ്റ കണ്‍സ്യൂമര്‍ സോള്‍ഫുള്‍ പ്രൈവറ്റ് ലിമിറ്റഡ്, നൗറിഷ്കോ ബിവറേജസ് ലിമിറ്റഡ്, ടാറ്റ സ്മാര്‍ട്ട്ഫുഡ്സ് ലിമിറ്റഡ് എന്നിവയെ കമ്പനിയുമായി ലയിപ്പിച്ചിട്ടുണ്ട്.

 ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയാര്‍ന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്കില്‍ മുന്നേറുകയും ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്താല്‍ ഇന്ത്യയുടെ ജിഡിപി 5 ട്രില്യണ്‍ കവിയും. എഫ്എംസിജി മേഖലയായിരിക്കും ഈ കുതിപ്പിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖല. 2027ഓടെ ഈ രംഗം 1.4 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മധ്യവർഗം ജനസംഖ്യയുടെ 30 ശതമാനത്തിൽ നിന്ന് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 50 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഏകദേശം 300 ദശലക്ഷം ആളുകൾ കൂടി മധ്യവർഗത്തിലേക്ക് പ്രവേശിക്കും. ഇതും എഫ്എംസിജി മേഖലയ്ക്ക് ഗുണകരമാണ്.