മോണിറ്ററി പോളിസി കമ്മിറ്റി നാളെ നിരക്ക് കുറയ്ക്കുമോ അതോ  പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്നുള്ളത് നാളെ കണ്ടറിയാം. 

ഞ്ച് വർഷത്തിന് ശേഷം റിസർവ് ബാങ്ക് പലിശ കുറയ്ക്കുമോ എന്ന ഉറ്റുനോക്കുകയാണ് രാജ്യം. റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആദ്യ ധന നയ യോഗമാണ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. നാളെ ആർബിഐ ഗവർണർ നയ പ്രഖ്യാപനം നടത്തും. 

ഇത്തവണ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറയ്ക്കുമെന്ന് സൂചനയാണുള്ളത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അഞ്ച് വർഷത്തിനിടെ ആദ്യമായുള്ള നിരക്ക് കുറയ്ക്കലാകും ഇത്. 2020 മെയ് മാസത്തിലാണ് എംപിസി അവസാനമായി നിരക്ക് കുറച്ചത്. മോണിറ്ററി പോളിസി കമ്മിറ്റി നാളെ നിരക്ക് കുറയ്ക്കുമോ അതോ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്നുള്ളത് നാളെ കണ്ടറിയാം. 

25 ബിപിഎസ് കുറയ്ക്കുമോ? 

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കായ റിപ്പോ 2023 ഫെബ്രുവരി മുതല്‍ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്.അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയാല്‍ 25 മുതല്‍ 50 ബേസിസ് പോയിന്‍റ് വരെ പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

നിഷ്പക്ഷ നിലപാടെടുക്കുമോ? 

കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാതിരുന്ന ആർബിഐ ഇത്തവണയും നിഷ്പക്ഷ നിലപാട് നിലനിർത്തുമെന്ന് ബജാജ് ബ്രോക്കിംഗ് റിസർച്ച് പറയുന്നു. ആർബിഐയുടെ സമീപകാല നടപടികൾ സാമ്പത്തിക വ്യവസ്ഥയെ സുസ്ഥിരമാക്കാൻ ലക്ഷ്യമിടുന്നതായും ബജാജ് ബ്രോക്കിംഗ് റിസർച്ച് വ്യക്തമാക്കിയിട്ടുണ്ട്