നിരക്ക് വർദ്ധനവ് ബാധകമായ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് ഈടാക്കണം
തിരുവനന്തപുരം: സർക്കാർ അതോറിറ്റികൾ, സർക്കാർ എന്റിറ്റികൾ എന്നീ നിർവചനങ്ങളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾക്കുള്ള ജിഎസ്‌ടി നിരക്ക് 2021 ജനുവരി ഒന്ന് മുതൽ 18 ശതമാനം ആയി ഉയരും. എന്നാൽ ഈ നിരക്ക് വർദ്ധന കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നേരിട്ടു നൽകുന്ന കരാറുകൾക്ക് ബാധകമല്ല .ഇവർക്ക് നിലവിലെ നികുതി നിരക്കായ 12 ശതമാനം തന്നെ തുടരും .
ഭരണഘടന നിർദ്ദേശിച്ച ചുമതലകൾ നിർവഹിക്കുന്നതിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പൂർണ്ണ സേവനങ്ങൾ, 25 ശതമാനത്തിൽ കുറവ് ചരക്കുകൾ ഉൾപ്പെടുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾ എന്നിവയ്ക്ക് നിലവിൽ ബാധകമായ നികുതി ഒഴിവ് തുടരും. എന്നാൽ ഇത്തരം സേവനങ്ങൾ, സർക്കാർ അതോറിറ്റികൾ സർക്കാർ എന്റിറ്റികൾ വഴിയാണ് ലഭ്യമാക്കുന്നതെങ്കിൽ, അവയ്ക്ക് ജനുവരി ഒന്നുമുതൽ പൊതു നിരക്കായ 18 ശതമാനം ജിഎസ്‌ടി നിരക്ക് ബാധകമായിരിക്കും.
ജിഎസ്‌ടി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കേന്ദ്ര വിജ്ഞാപനം 11/2017- സി.ടി (ആർ ), 12/2017- സി.ടി (ആർ ), 15/2021- സി.ടി (ആർ ), 16/2021- സി.ടി (ആർ ) എന്നിവയിൽ ലഭ്യമാണ്. നിരക്ക് വർദ്ധനവ് ബാധകമായ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് ഈടാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.
