തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്ക് കൂടുതൽ നിക്ഷേപമെത്തും. ലോകബാങ്കിന്റെ നിക്ഷേപക സ്ഥാപനമായ അന്താരാഷ്ട്ര സാമ്പത്തിക കോർപ്പറേഷൻ(ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ) ആണ് നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഐഎഫ്‌സിയുടെ വാഷിംഗ്ടണിൽ നിന്നെത്തിയ ഉന്നത സംഘം  കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോഴാണ്
നിക്ഷേപം വാഗ്ദാനം ചെയ്തത്.

ഐഎഫ്‌സി 240 മില്യൺ ഡോളറാണ് നിക്ഷേപിക്കുക. കിഫ്ബിക്ക് കീഴിലെ 12 പദ്ധതികൾ തെരഞ്ഞെടുത്താണ് ഐഎഫ്‌ബി നിക്ഷേപത്തിനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. 2020 ജനുവരി ആറോടെ കേരളത്തിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ഐഎഫ്‌സി ബോർഡ് തത്വത്തിൽ അംഗീകാരം നൽകും.

രാജ്യാന്തര നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രധാന കാരണം ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടതാണെന്ന് കിഫ്ബി സിഇഒ കെഎം എബ്രഹാം പറഞ്ഞു. മസാല ബോണ്ടിലൂടെ 2150 കോടിയാണ് സമാഹരിച്ചത്. 9.72 ശതമാനമാണ് പലിശ നിരക്ക്.

സ്റ്റേറ്റ് ബാങ്കിൽ നിന്ന് 9.2 ശതമാനം പലിശ നിരക്കിൽ കിഫ്ബി പണം വായ്പയെടുത്തിട്ടുണ്ട്. നബാർഡിൽ നിന്നും എസ്ബിഐയിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പയെടുക്കാതിരുന്നതിന്റെ പ്രധാന കാരണം അന്താരാഷ്ട്ര നിക്ഷേപകരുടെ ശ്രദ്ധ ക്ഷണിക്കാനാണെന്ന് കെഎം എബ്രഹാം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ടാഴ്ചയിലൊരിക്കൽ ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസികൾ കിഫ്ബിയിൽ നിക്ഷേപിക്കാൻ സന്നദ്ധത അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.