കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ.. എന്നാണ് കർഷകരുടെ മുന്നറിയിപ്പ് ബോർഡിൽ പറയുന്നത്.
ലക്‌നൗ: ബിജെപിക്കാര്‍ തങ്ങളുടെ ഗ്രാമത്തിൽ കയറുന്നത് തടഞ്ഞ് കര്‍ഷകര്‍. ഉത്തര്‍ പ്രദേശിലെ റോസൂല്‍പൂര്‍ മാഫി ഗ്രമത്തിലുള്ള കര്‍ഷകരാണ് ബിജെപിക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ദില്ലിയിൽ കർഷകർക്കെതിരെ നടന്ന അക്രമത്തിനെതിരെയും കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ മനോഭാവത്തിനെതിരെയുമാണ് കർഷകർ രംഗത്തെത്തരിക്കുന്നത്.
കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ.. എന്നാണ് കർഷകരുടെ മുന്നറിയിപ്പ് ബോർഡിൽ പറയുന്നത്. ഒപ്പം ഗ്രാമത്തില്‍ ബിജെപിയില്‍ നിന്നുള്ളയാളുകളെ കര്‍ശനമായി നിരോധിച്ചിരിക്കുണെന്നും അവർക്ക് സ്വന്തം റിസ്ക്കിൽ പ്രവേശിക്കാമെന്നും ബോർഡിൽ പറയുന്നു. അതേ സമയം, കർഷകരോട് സർക്കാർ കാണിച്ച ദ്രോഹത്തോട് അവർ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ശിവസേന നേതാവ് മോഹന്‍ ഗുപ്ത പ്രതികരിച്ചു.
സ്വമിനാഥൻ കമ്മീഷൻ റിപ്പോർട്ട്, വായ്പ എഴുതിത്തള്ളൽ, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കർഷകർ നടത്തിയ മാർച്ചിനിടയിൽ സംഘർഷം നടന്നിരുന്നു.
ഭാരതീയ കിസാൻ യുണിറ്റിന്റെ നേതൃത്വത്തിൽ കർഷക മാർച്ച് സംഘടിപ്പിക്കുകയും യുപിയിൽ നിന്ന് ദില്ലിയിലേക്കുള്ള അതിർത്തിയിൽ വെച്ച് പൊലീസ് മാർച്ച് തടയുകയായിരുന്നു. കർഷകർക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
