ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 വ്യാജ വോട്ടര്‍മാരെയാണ് കണ്ടെത്തിയത്
ജയ്പൂര്‍: രാജ്യം അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ രാജസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 വ്യാജ വോട്ടര്‍മാരെയാണ് കണ്ടെത്തിയത്.
അതും ഒരാളുടെ പേര് ഒരു വട്ടവും രണ്ട് വട്ടവുമല്ല, ആറ് പ്രാവശ്യം വരെ ആവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ, രാജസ്ഥാനിലെ ആയിരത്തിലധികം പേര്‍ക്ക് ഒന്നിലധികം വോട്ടര്‍ കാര്‍ഡ് ഉള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.
സംഗനീര്‍, വിദ്യാദര്‍ നഗര്‍, കിഷന്‍പോലെ നിയമസഭ മണ്ഡലങ്ങളിലാണ് വ്യാജ വോട്ടര്‍മാര്‍ അധികവുമുള്ളത്. മരണപ്പെട്ട ആളുകളുടെയും മണ്ഡലത്തില്‍ നിന്ന് താമസം മാറിയപ്പോയവരുടെയും പേരുകള്‍ക്കൊപ്പം ചില പേരുകള്‍ ഒന്നിലധികം തവണ ആവര്‍ത്തിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്.
ഈ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇപ്പോള്‍. വോട്ടര്‍ പട്ടികയില്‍ ചില പേരുകള്‍ ഒന്നിലധികം വട്ടം ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന ചുമതലയുള്ള ജില്ലാ ഭരണകൂടം തെറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്. വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
