ശ്രീനഗര്‍: ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം തുടരുന്നു. പോലീസ് നടത്തിയ പെല്ലറ്റ ആക്രമണത്തില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ഇന്ന് കൊല്ലപ്പെട്ടു. ഇതോടെ കലാപത്തില്‍ ജീവന്‍നഷ്ടമായവരുടെ എണ്ണം 45 ആയി.
വെള്ളിയാഴ്‌ച വൈകുന്നേരം തെക്കന്‍ കശ്‌മീരില്‍ അവന്തിപുരയിലുണ്ടായ സംഘര്‍ഷത്തിലാണ് മുഷ്താഖ് അഹമ്മദ് ബട്ട് എന്ന യുവാവ് മരിച്ചത്. പുല്‍വാമയിലെ കകപോറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താഴ്‌വരയിലെ പലയിടത്തും ഇന്നും ശക്തമായ കല്ലേറുണ്ടായി. കശ്മീരില്‍ 10 ജില്ലകളില്‍ ഇപ്പോഴും കര്‍ഫ്യു തുടരുകയാണ്. തിങ്കളാഴ്ചയ്ക്കുശേഷം സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമാകുമ്പോഴാണ് ഇന്ന് വീണ്ടും യുവാവ് കൊല്ലപ്പെട്ടത്.
