Asianet News MalayalamAsianet News Malayalam

ജസ്ന എവിടെ ?; അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്

ജസ്നയെ കാണാതായിട്ട് പത്ത് മാസം. കാണാതായത് 2018 മാർച്ച് 22 ന്. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ട് ഒരു മാസം. കേസന്വേഷിക്കുന്നത് 30അംഗ സംഘം

10 months of Jesna Missing case : Crime branch takes over probe
Author
Kerala, First Published Dec 28, 2018, 11:15 AM IST

പത്തനംതിട്ട:മുക്കുട്ടുതറ സ്വദേശി ജസ്നക്കായി തെരച്ചിൽ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജസ്നയുടേതെന്ന് കരുതുന്ന സി സി ടി വി ദൃശ്യങ്ങൾ  ക്രൈംബ്രാഞ്ച് സംഘം  മുണ്ടക്കയത്തെത്തി പരിശോധിച്ചു. മുണ്ടക്കയം ബസ്റ്റാന്‍റിലൂടെ ജസ്നയെന്ന് കരുതുന്ന പെൺകുട്ടി നടന്ന് പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 

ഈ ദൃശ്യങ്ങൾ മുണ്ടക്കയം പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ച് തെളിവുകൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്ന് പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും ഇതുവഴി കടന്നു പോകുന്നതായും, ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്.

ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായാണ് ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്. വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാണിച്ചു. എന്നാൽ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിന് ലഭിച്ചില്ല, വാഹനം തിരിച്ചറിയാൻ ടൗണിലെ ഡ്രൈവർമാർക്കും കഴിഞ്ഞില്ല. വാഹനത്തിന്‍റെ നമ്പർ വ്യക്തമല്ലാത്തതാണ്  തിരിച്ചറിയാനുള്ള തടസം.

ക്രൈംബ്രാഞ്ച് എസ് ഐ വി ആർ ജയേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുണ്ടക്കയത്തെത്തിയത്.
ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണന്നും, ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. 

നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു.ക്രൈംബ്രാഞ്ച് എസ് പി അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.പ്രളയത്തെ തുടർന്ന്  മന്ദഗതിയിലായ അന്വേഷണം  ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ്  സജീവമായത്. കഴിഞ്ഞ മാർച്ച് 22നാണ് മുക്കുട്ടുതറ സ്വദേശി ജസ്നയെ കാണാതായത്.

Follow Us:
Download App:
  • android
  • ios