യു.എ.ഇയില്‍ സ്‌പെഷ്യല്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് ഒരു ദിര്‍ഹം 67 ഫില്‍സായാണ് വില വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ ഇത് ഒരു ദിര്‍ഹം 51 ഫില്‍സാണ്. 10.6 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. പെട്രോള്‍ സൂപ്പറിന് ഒരു ദിര്‍ഹം 62 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 78 ഫില്‍സായും ഇ പ്ലസിന് ഒരു ദിര്‍ഹം 44 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 60 ഫില്‍സായും വില വര്‍ദ്ധിക്കും. ഏറ്റവും വില കുറഞ്ഞ പെട്രോളായ ഇ പ്ലസിന് 11.11 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് ഒരു ദിര്ഹം 56 ഫില്‍സുള്ള ഡീസലിന് ഇനി ഒരു ദിര്‍ഹം 60 ഫില്‍സ് നല്കണം. 2.56 ശതമാനത്തിന്റെ താരതമ്യേന കുറഞ്ഞ വില വര്‍ദ്ധനവാണ് ഡീസലിന് വരുത്തിയിരിക്കുന്നത്. 2015 ഓഗസ്റ്റ് മുതലാണ് യുഎഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്ക് വില നിയന്ത്രണം എടുത്തുകളഞ്ഞത്. അതുകൊണ്ട് തന്നെ കഴിഞ്ഞ മാര്‍ച്ച് വരെ പെട്രോള്‍ വില ഓരോ മാസവും അധികൃതര്‍ കുറച്ചിരുന്നു. എന്നാലിപ്പോള്‍ ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി രണ്ട് മാസം വില വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണുള്ളത്. ഡീസലിനാകട്ടെ മാര്‍ച്ച് മുതല്‍ വിലവര്‍ദ്ധനവ് വരുത്തുന്നുണ്ട്.