മുംബൈയിൽ 166 പേരുടെ ജീവൻ എടുത്ത ഭീകരാക്രമണത്തിന് ഇന്ന് പത്തു വയസ്. മൂന്നു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടൽ മുംബൈക്ക് സമ്മാനിച്ചത് ഉണങ്ങാത്ത മുറുവുകളാണ്.
മുംബൈ: മുംബൈയിൽ 166 പേരുടെ ജീവൻ എടുത്ത ഭീകരാക്രമണത്തിന് ഇന്ന് പത്തു വയസ്. മൂന്നു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടൽ മുംബൈക്ക് സമ്മാനിച്ചത് ഉണങ്ങാത്ത മുറുവുകളാണ്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ഓർമ്മയിലാണ് മുംബൈയിൽ പാൻഷോപ്പ് നടത്തുന്ന മലയാളിയായ സെൽവരാജും സുഹ്യത്ത് ഉണ്ണികൃഷ്ണനും
വെടിയൊച്ചകൾ കേട്ട് മുംബൈ മുഴുവൻ ഞെട്ടിച്ച് വിറച്ച രാത്രി. അജ്മൽ കസബിന്റെ നേത്യത്വത്തിൽ പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം എത്തിയ ഭീകരവാദികൾ മുംബൈയെ മുൾമുനയിൽ നിർത്തിയത് മൂന്നു ദിവസം. നഗരഹൃദയത്തിലെ വിടി സ്റ്റേഷനിൽ കാത്തിരുന്നവർക്ക് നേരെയാണ് ആക്രമകാരികൾ ആദ്യം നിറയൊഴിച്ചത്.
പിന്നീടങ്ങോട്ട് തുടരാക്രമണങ്ങളും സ്ഫോടനങ്ങളും. ആ രാത്രി താജ് ഹോട്ടലിനു സമീപമുള്ള ലയൺ ഗേറ്റിലെ പാൻഷോപ്പടച്ച് വീട്ടിലേക്ക് മടങ്ങാൻ റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു സെൽവരാജും ഉണ്ണിക്യഷ്ണനും. ട്രെയിനിലായതുകൊണ്ടാണ് ഇരുവരും വെടിയേൽക്കാതെ രക്ഷപ്പെട്ടത്. മുംബൈയിലെ തന്റെ 40 വർഷത്തെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒന്ന് സംഭവിച്ചു എന്ന് ഓർക്കാൻ ഉണ്ണിക്യഷ്ണൻ ഇഷ്ടപ്പെടുന്നില്ല.
ഭീകരാക്രമണത്തിന് ശേഷം മുംബൈ പഴയ അവസ്ഥയിൽ എത്താൻ ദിവസങ്ങൾ വേണ്ടി വന്നുവെന്ന് ശെൽവരാജ് പറയുന്നു. എല്ലാരുടെയും മനസ്സിൽ ഭയം മാത്രം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. ഭയത്തിൽ നിന്നും ഫീനീക്സ് പക്ഷിയെ പോലെ ചിറകടിച്ച് ഉയരുന്ന അതിജീവനം മുംബൈയുടെ കരുത്താണ്. ആ കരുത്തിലാണ് ഭീകരരാത്രികളെ ഭൂതകാലത്തിലേക്ക് എറിഞ്ഞ് നഗരം വീണ്ടും തിരക്കിലേക്ക് സജീവമാകുന്നത്.

