അശുദ്ധമായ തൊഴിലാണോ ചെയ്യുന്നത്? താങ്കള്‍ക്ക് ജനിതക വൈകല്യമുണ്ടോ?  

ദില്ലി: രാജ്യത്തെ സ്കൂള്‍ പ്രവേശന നടപടികളുടെ ഭാഗമല്ലാത്ത രക്ഷകര്‍ത്താക്കള്‍ക്കുളള പുതിയ അപേക്ഷ ഫോമുമായി ഹരിയാന സര്‍ക്കാരെത്തുന്നു. 100 ചോദ്യങ്ങള്‍ അടങ്ങിയിക്കുന്ന അപേക്ഷയാണ് ഹരിയാന വിദ്യാഭ്യാസ വകുപ്പ് രക്ഷകര്‍ത്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. 

ജാതി, മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍ തുടങ്ങിയവയ്ക്കുപരിയായി മാനസിക സംഘര്‍ഷം സൃഷ്ടിക്കാവുന്ന അശുദ്ധമായ തൊഴിലാണോ ചെയ്യുന്നത്? താങ്കള്‍ക്ക് ജനിതക വൈകല്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും അപേക്ഷയിലുണ്ട്‍. ഈ അപേക്ഷ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഹരിയാന സര്‍ക്കാരിന്‍റെ ഉത്തരവ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു അപേക്ഷ വിദ്യാഭ്യാസ മേഖലയില്‍ വിതരണം ചെയ്യുന്നത്.

ഇത്തരത്തിലുളള അപേക്ഷകള്‍ കുട്ടികളിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് വിതരണം ചെയ്തത് തെറ്റാണെന്നും, വിതരണം ചെയ്ത അപേക്ഷ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തിരികെ വാങ്ങണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സൂര്‍ജാവാല അഭിപ്രായപ്പെട്ടു. അശുദ്ധമായ തൊഴിലിനെപ്പറ്റിയുളള അപേക്ഷയിലെ ചോദ്യങ്ങളിലൂടെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും തൊട്ടുകൂടായ്മ കൊണ്ടുവരാനാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.