തിരുവനന്തപുരം: വലിയ നോട്ടുകൾ പിൻവലിച്ചത് സംസ്ഥാനത്തെ മദ്യാപാനികളെയും വലച്ചു. ബിവറേജ് കോർപ്പറേഷൻ ഔട്ട്‍ലറ്റുകളിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സ്വീകരിക്കുന്നില്ല. ഇതോടെ മദ്യം വങ്ങാനാകാതെ പലരും നിരാശരായി മടങ്ങി. രാവിലെ മദ്യം വാങ്ങിക്കാൻ ബെവ്കോ ഔട്ട്‍ലറ്റിൽ എത്തിയപ്പോഴാണ് പലരും ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. അഞ്ഞൂറിന്റെയും ആയിരത്തിന്‍റെയും നോട്ട് കൊടുത്താൻ മദ്യം കിട്ടില്ല.
സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചാണ് ബെവ്കോ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സ്വീകരിക്കില്ലെന്ന് ബോർഡ് വച്ചത്. നിവൃത്തിയില്ലാത്ത ചിലർ ലോട്ടറിയെടുത്ത് ആയിരം രൂപ ചില്ലറയാക്കി ക്യൂവിലെത്തി. സർക്കാരിനെന്നും പണം നൽകി സഹായിക്കുന്ന തങ്ങളോട് നോട്ട് റദ്ദാക്കുന്ന വിവരം ഒന്ന് മുൻകൂട്ടി പറയാമായിരുന്നു എന്ന് ഗദ്ഗദത്തോടെയാണ് മദ്യം ലഭിക്കാത്ത പലരും മടങ്ങിയത്.
