തൃശൂരില്‍ ഹോമിയോ മരുന്നു കച്ചവടത്തിന്റെ മറവില്‍ വൻ സ്പിരിറ്റ് കടത്ത്

തൃശൂര്‍: തൃശൂരില്‍ ഹോമിയോ മരുന്നു കച്ചവടത്തിന്റെ മറവില്‍ വൻ സ്പിരിറ്റ് കടത്ത്. കോലഴിയില്‍ 1000 ലിറ്റർ സ്പിരിറ്റുമായി കൊല്ലം സ്വദേശി കൃഷ്ണകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

ഹോമിയോ മരുന്നുകള്‍ ഡോക്ടര്‍മാര്‍ക്കും കടകളിലേക്കും നല്‍കുകയായിരുന്നു കൃഷ്ണകുമാറിന്റെ ജോലി. മൂന്നരവര്‍ഷം മുന്പ് കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചായിരുന്നു സ്പിരിറ്റ് വാങ്ങി വിറ്റിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് സ്പിരിറ്റ് പാഴ്സലായി വാങ്ങി, ചെറിയ പാക്കറ്റുകളിലാക്കിയാണ് മറിച്ചുവിറ്റിരുന്നത്. ഹോമിയോ മരുന്ന് കച്ചവടംമൂലം ‍സാന്പത്തിക ബാധ്യത വന്നതാണ് സ്പിരിറ്റ് കച്ചവടത്തിലേക്ക് തിരിയാൻ കാരണമെന്ന് കൃഷ്ണകുമാർ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കള്ളുഷാപ്പുകാര്‍ സ്പിരിറ്റ് വാങ്ങാറുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളിൽ നിന്ന് സ്പിരിറ്റ് വാങ്ങിയവരെ കണ്ടെത്താന്‍ എക്സൈസ് പ്രത്യേക സംഘത്തെ രൂപികരിച്ചു.