രോഗിയുമായി പോകുന്ന ആംബുലൻസുകൾ വഴിയിലാകുന്നു വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുന്ന ജീവനക്കാരെ ദ്രോഹിക്കുന്നു ആരോപണവുമായി ആംബുലന്‍സ് ജീവനക്കാര്‍
തിരുവനന്തപുരം: രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയായി കാലപ്പഴക്കം ചെന്ന 108 ഐ.സി.യു ആംബുലൻസുകൾ. രോഗിയുമായി പോകുന്ന ആംബുലൻസുകൾ വഴിയിലാകുന്നതും കാലപ്പഴക്കവും വേണ്ടത്ര അറ്റകുറ്റപ്പണികൾ നടത്താതതും കാരണം സ്പീഡ് കൈവരിക്കാൻ കഴിയാത്തതും രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. പരാതിപറയുന്ന, വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിക്കുന്ന ജീവനക്കാരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുകയും നടപ്പടിയെടുക്കുകയും ചെയ്യുന്ന രീതി ആണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് ആരോപണം ഉയരുന്നത്.
ആംബുലൻസുകൾ വർക്ക്ഷോപ്പിൽ ആകുന്ന ദിവസം ജീവനക്കാർക്ക് ശമ്പളമില്ലാത്തതിനാൽ ഇവരും ആശങ്കയിലാണ്. തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് 108 ആംബുലൻസിലെ ഫീൽഡ് ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം നൽകുന്നത്. അധികാരികളുടെ പിടിപ്പുകേടും തലപര്യമില്ലായ്മയുമാണ് സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് അന്ത്യശ്വാസം വലിക്കാൻ കാരണമായി പറയുന്നത്. തലസ്ഥാനത്ത് 25ൽ 15 ആംബുലൻസുകൾ ഇപ്പോൾ കട്ടപ്പുറത്താണ്. ഇതിൽ ഒരു വർഷത്തിലേറെയായി അറ്റകുറ്റപണിക്ക് കയറിയ വലിയതുറയിൽ സർവീസ് നടത്തി വന്ന ആംബുലൻസും ഉൾപ്പെടുന്നു. നാവായിക്കുളം ഭാഗത്ത് സർവീസ് നടത്തിവന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടത്തിനെ തുടർന്ന് പൂർണമായും ഉപയോഗശൂന്യം എന്ന് പറഞ്ഞ് വർഷോപ്പിൽ തന്നെ തള്ളി.

നിസാര അറ്റകുറ്റപണികൾക്ക് വർക്ക്ഷോപ്പിൽ കയറുന്ന ആംബുലൻസുകൾ പോലും ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങളോളം അവിടെ തന്നെ കിടക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അറ്റകുറ്റപ്പണികൾ ചെയ്യാൻ കരാർ നൽകിയിരിക്കുന്ന കമ്പനി വർക്ക്ഷോപ്പിൽ നടത്തുന്ന അറ്റകുറ്റപണികൾക്ക് എതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ പദ്ധതി നടപ്പിലാക്കാൻ ലക്ഷകണക്കിന് ജീവനുകൾ രക്ഷിച്ച 108 ആംബുലൻസ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സൂചന.
അത്യവശ്യാ അറ്റകുറ്റപ്പണികൾ പോലും നടത്താതെ ആംബുലൻസുകൾ സർവീസ് നടത്തുന്നത് രോഗികളുടെ ജീവന് തന്നെ ആപത്തായി മാറിയിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ കണ്ണിൽ പൊടിവരിയിടാൻ വർഷാവർഷമുള്ള കംപ്യൂട്ടർവതകൃത സി.എഫ് പരിശോധന കടക്കാൻ വേണ്ടിയുള്ള പുറം മോഡി മാത്രം വരുത്തുകയാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത്. ഇതിനാൽ ഫിറ്റ്നസ് ടെസ്റ്റ് പാസ് ആയി ഇറങ്ങുന്ന ആംബുലൻസുകൾ വഴിയിലാകുന്നതും തുടർകഥയാണ്. പ്രധിഷേധം ഭയന്ന് പെട്ടന്ന് 108 ആംബുലൻസ് സർവീസ് നിറുത്താതെ കാലക്രമേണ അറ്റകുറ്റപ്പണികൾ നടത്താതെ വാഹനങ്ങൾ ഒതുക്കാൻ ആണ് സർക്കാർ തീരുമാനമെന്ന് ആരോപണമുണ്ട്.
കാലപ്പഴക്കം ചെന്ന 108 ആംബുലൻസുകൾ നിരത്തിൽ നിന്ന് പിൻവലിക്കാൻ ആരോഗ്യവകുപ്പ് ഫോർമാൻ സർക്കാരിനോട് മുൻപ് തന്നെ ശുപാർശ ചെയ്തിരുന്നുയെന്നാണ് സൂചന. സർവീസ് ആരംഭിച്ച് 8 വർഷത്തിനിടയിൽ ഇതിനോടകം എഴുലക്ഷത്തിലേറെ ജീവനുകളാണ് 108 ആംബുലൻസുകൾ രക്ഷപ്പെടുത്തിയിരിക്കുന്നത്. 130ലേറെ പ്രസവങ്ങൾ തലസ്ഥാനത്ത് മാത്രം 108നുണ്ണിൽ നടന്നു. ഇതൊന്നും മാനിക്കാതെയാണ് പുതിയ ട്രോമ കെയർ എന്ന പദ്ധതി നടപ്പിലാക്കാൻ 108 ആംബുലൻസ് സർവീസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. ഐ.സി.യു സംവിധാനം ഉള്ള 108 ആംബുലൻസുകൾ ഇതിനോടകം തന്നെ ട്രോമ കെയറിന്റെ ഉൾപ്പടെ പ്രവർത്തനങ്ങൾ നടത്തിവരുന്നവയാണ്.

ഇത് സംസ്ഥാന വ്യാപകമാക്കാൻ ഫണ്ടില്ല എന്ന് അറിയിച്ച ആരോഗ്യവകുപ്പ് കോടിക്കണക്കിന് രൂപ സ്വകാര്യ കമ്പനിക്ക് നൽകി പുതിയ ട്രോമ കെയർ സംവിധാനം നടപ്പിലാക്കുന്നത്. ഇതിനായി വാങ്ങുന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ആംബുലൻസുകളാണ്. 108 ആംബുലൻസ് സർവീസ് നടത്തിപ്പിൽ സ്വകാര്യ കമ്പനികൾ നടത്തിയ അഴിമതികൾ കാരണമാണ് ഇപ്പോൾ സർക്കാർ തന്നെ സർവീസ് നേരിട്ട് ഏറ്റെടുത്ത് നടത്തുന്നത്. ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ പദ്ധതിക്കായി സ്വകാര്യ കമ്പനികളിൽ നിന്ന് സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
108 ഐ.സി.യു ആംബുലൻസ് സർവീസ് സംസ്ഥാനവ്യാപകമാക്കുന്നതിലൂടെ അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ പൊലീസിന്റെ കൂടി സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരിടത്തേക്ക് മാറ്റാൻ സഹായകം ആകുന്ന പദ്ധതികൂടി കൊണ്ട് വരാൻ സാധിക്കുമെന്ന് പറയുന്നു. ഇതിലൂടെ പതിനായിരക്കണക്കിന് രൂപ ഇത്തരത്തിൽ രോഗികളെ മാറ്റാൻ വാങ്ങുന്ന സ്വകാര്യ ആംബുലൻസ് സർവീസുകളുടെ ചൂഷണങ്ങൾ തടയാനും സാധിക്കുമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്. ഉടൻ തന്നെ സർക്കാരും ആരോഗ്യവകുപ്പും വിഷയത്തിൽ ഇടപെട്ട് അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.
