108 സേവനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ആകെ 25 ആംബുലന്‍സുകളാണുള്ളത്. ഇതില്‍ 20 എണ്ണവും ഇപ്പോള്‍ കട്ടപ്പുറത്താണ്. ബാക്കിയുണ്ടായിരുന്ന അഞ്ചില്‍ ഒരെണ്ണം കത്തിപ്പോയി. മറ്റൊരെണ്ണം അപകടത്തില്‍ തകര്‍ന്നു. വട്ടിയൂര്‍ക്കാവ്, വെള്ളനാട്, വെള്ളറട മേഖലകളില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും ഓട്ടം നിലക്കാവുന്ന അവസ്ഥയിലാണ്.

രണ്ടാ‍ഴ്ചയിലേറെയായി ജില്ലയില്‍ 108 ആംബുലന്‍സിന്‍റെ സേവനം കിട്ടാതായിട്ട്. പകരം ആശ്രയം സ്വകാര്യ ആംബുലന്‍സുകളാണ് നാട്ടുകാര്‍ക്ക് ആശ്രയം. ഫിറ്റ്നസ് പരിശോധനക്ക് സമയമായതിനാല്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നുവെന്നാണ് വിശദീകരണം. എന്നാല്‍ എന്തിന് വാഹനങ്ങള്‍ ഒരുമിച്ച് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി എന്ന ചോദ്യത്തിന് ആംബുലന്‍സുകളുടെ ചുമതലയുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് ഉത്തരമില്ല. ഇനിയും ഒരാ‍ഴ്ചയെങ്കിലുമെടുക്കും ഇതില്‍ കുറച്ചു വാഹനങ്ങളെങ്കിലും തിരികെ നിരത്തിലെത്താന്‍. കൃത്യമായ ആസൂത്രണത്തിലൂടെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കില്‍ വാഹനങ്ങള്‍ ഒരുമിച്ച് നിരത്തില്‍ നിന്ന് പിന്‍വലിക്കേണ്ടി വരില്ലായിരുന്നു. ഏ‍ഴ് വര്‍ഷത്തിലധികം പ‍ഴക്കമുള്ള ഈ ആംബുലന്‍സുകള്‍ ഇതിനോടകം രണ്ടരലക്ഷം കിലോമീറ്ററിലധികം ഓടിക്ക‍ഴിഞ്ഞു.