തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലായി നിലവിലുള്ള 43 ആംബുലൻസുകളില്‍ 24 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 2 കോടി രൂപ ചെലവില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലൻസുകളാണ് പുതിയതായി എത്തിയത്. 

തിരുവന്തപുരം: സംസ്ഥാനത്ത് പുതിയ 108 ആംബുലൻസുകള്‍ നിരത്തിലിറങ്ങുന്നു.പത്ത് പുതിയ ആംബുലൻസുകളാണ് അടുത്ത വ്യാഴാഴ്ചയോടെ സര്‍വീസ് തുടങ്ങുക. 2 കോടി രൂപ ചെലവില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലൻസുകളാണ് പുതിയതായി എത്തിയത്. പൂര്‍ണമായും എയര്‍കണ്ടിഷൻ ചെയ്ത വാഹനത്തില്‍ അത്യാധുനിക രീതിയിലുള്ള സ്ട്രെച്ചര്‍ ഉണ്ട്.

ഇനി ഓക്സിജൻ സിലിണ്ടര്‍,സക്ഷൻ അപ്പാരറ്റസ് അടക്കം ഉപകരണങ്ങള്‍ ഘടിപ്പിക്കണം. ഇതിനായി പന്ത്രണ്ടര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലായി നിലവിലുള്ള 43 ആംബുലൻസുകളില്‍ 24 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കി.സ്റ്റിക്കര്‍ ഒട്ടിക്കൽ, ട്രയല്‍ റണ്‍ എന്നിവ പൂര്‍ത്തിയാക്കിയാകും സര്‍വീസ് തുടങ്ങുക. പത്ത് വാഹനങ്ങളില്‍ ആറെണ്ണം തിരുവനന്തപുരം ജില്ലയ്ക്കാണ്. മൂന്നെണ്ണം ആലപ്പുഴക്കും ഒരെണ്ണം പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കും നല്‍കും. ഇപ്പോള്‍ വാങ്ങിയ ആംബുലൻസുകള്‍ക്ക് പുറമേ 10 പുതിയ ആംബുലൻസുകള്‍ കൂടിവാങ്ങാനുള്ള അനുമതിക്കായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.