108 ആംബുലൻസ് സര്‍വീസുകള്‍ പ്രതിസന്ധിയിൽ. തിരുവനന്തപുരത്ത് ആകെയുള്ള 25 ആംബുലൻസുകളിൽ 12ഉം കട്ടപ്പുറത്താണ്. ആംബുലൻസുകളെല്ലാം സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് നടത്തിപ്പ് ചുതലയുള്ള ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ നിലപാട്.
തിരുവനന്തപുരം: 108 ആംബുലൻസ് സര്‍വീസുകള്‍ പ്രതിസന്ധിയിൽ. തിരുവനന്തപുരത്ത് ആകെയുള്ള 25 ആംബുലൻസുകളിൽ 12ഉം കട്ടപ്പുറത്താണ്. ആംബുലൻസുകളെല്ലാം സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് നടത്തിപ്പ് ചുതലയുള്ള ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ നിലപാട്.
പേരൂര്‍ക്കട, നേമം, വലിയതുറ, നാവായിക്കുളം, കന്യാകുളങ്ങര, ചിറയിൻകീഴ്, കാട്ടാക്കട, വിഴിഞ്ഞം, വര്‍ക്കല, തൈക്കാട്, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിലെ വാഹനങ്ങളാണ് കട്ടപ്പുറത്തായത്. ഇതില്‍ അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങൾ നിരത്തിലിറക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥയും. 2010 ല്‍ തുടങ്ങിയ പദ്ധതിയിലുള്‍പ്പെട്ട ആംബുലൻസുകളെല്ലാം 4 ലക്ഷം കിലോ മീറ്ററിലധികം ഓടിക്കഴിഞ്ഞു. സര്‍വീസ് നടത്തുന്ന പല വാഹനങ്ങള്‍ക്കും ബ്രേക്ക് , ഗിയര്‍ അടക്കം സംവിധാനങ്ങളില്‍ പ്രശ്നങ്ങളുണ്ട്.
വര്‍ക്ക് ഷോപ്പിലെത്തിച്ചാൽ സ്പെയര്‍ പാർട്സുപോലും കിട്ടാനില്ലാത്ത അവസ്ഥ. രോഗിയുമായി പോകുമ്പോള്‍ വഴിയിലാകുന്നതും പതിവ്. ഫിറ്റ്നസ് കിട്ടാൻ പുറംമോടിമാത്രം ചെയ്യുമെന്നാണ് ജീവനക്കാരുടെ പരാതി. പഴക്കം ചെന്ന ആംബുലൻസുകള്‍ നിരത്തിൽ നിന്ന് പിന്‍വലിക്കാന്‍ നേരത്തെ ശുപാര്‍ശ ഉണ്ടായിരുന്നു.
അതേസമയം പുതിയ ട്രോമാ കെയര്‍ ആംബുലൻസ് സംവിധാനം വരുന്നതോടെ 108 ആംബുലൻസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാനാണ് നീക്കം. പുതിയ ആംബുലൻസ് പദ്ധതിയുടെ ടെണ്ടര്‍ നടപടികൾ വരെ എത്തിയെങ്കിലും ടെണ്ടറില്‍ പങ്കെടുത്ത കന്പനികള്‍ തമ്മിലുള്ള കേസ് കാരണം പദ്ധതി വൈകുകയാണെന്നും ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ അറിയിച്ചു.
