മരിച്ചവരുടെ എണ്ണം 12 ആയി മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ ഉരുൾ പൊട്ടലിൽ കാണാതായ 4 പേരുടെ മൃതദ്ദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. 2 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മഴ മാറി നിന്നത് തെരച്ചിൽ സംഘത്തിന് സഹായമാവുന്നുണ്ട്.
നേരത്തെ മരിച്ച ഹസന്റെ മകൾ നുസ്രത്ത്, കൊച്ചു മകൾ റിൻഷ, കാണാതായ ഷംനയുടെ മകൾ നിയ ഫാത്തിമ എന്നിവരുടെ മൃത ശരീരമാണ് ഇന്ന് കണ്ടെടുത്തത്. ഇന്നത്തെ തെരച്ചിൽ വൈകിട്ട് 6.30 ഓടെ അവസാനിപ്പിക്കും. രണ്ടാമത്തെ യൂണിറ്റ് കൂടി എത്തിയതോടെ ദുരന്ത നിവാരണ സേനയിലെ 78 പേരാണ് തെരച്ചിൽ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്ഥമായി തെരച്ചിൽ താഴ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. ഒഴുകിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണിത്. മണ്ണ് നീക്കം ചെയ്തുള്ള തെരച്ചിലിനായി 8 മണ്ണ് മാന്തി യന്ത്രങ്ങൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് ഇന്ന് തെരച്ചിൽ നടത്തിയത്.
മന്ത്രി ടി പി രാമകൃഷ്ണൻ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 2 പേർക്കായുള്ള തിരച്ചിൽ രാവിലെ 6 മണിയോടെ വീണ്ടും തുടങ്ങും
