ശരീരാവശിഷ്ടങ്ങളില്‍നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി വനം പരിസ്ഥിതി മന്ത്രാലയം

അഹമ്മദ്: ഗിര്‍ വനത്തില്‍നിന്ന് 11 സിംഹങ്ങളുടെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗിര്‍ വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍നിന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

വനത്തിന്‍റെ കിഴക്ക് ഭാഗത്ത് വിവിധ ഇടങ്ങളിലായാണ് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നത്. പെണ്‍സിംഹത്തിന്‍റെ ശരീരാവശിഷ്ടങ്ങള്‍ രജുല ഭാഗത്തുനിന്നും മൂന്ന് സിംഹങ്ങളുടെ അവശിഷ്ടങ്ങള്‍ ദല്‍ഖനിയ റേഞ്ച് ഭാഗത്തുനിന്നും ഒരേ ദിവസമാണ് കണ്ടെത്തിയത്. മറ്റ് ഏഴ് സിംഹങ്ങളുടേത് തുടര്‍ന്നുള്ള ദിവസങ്ങളിലും കണ്ടെത്തുകയായിരുന്നു.

ശരീരാവശിഷ്ടങ്ങളില്‍നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി വനം പരിസ്ഥിതി മന്ത്രാലയം അ‍ഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു. എട്ട് സിംഹങ്ങള്‍ ചത്തത് ആക്രമണത്തിലാണ്. ബാക്കി മൂന്ന് സിംഹങ്ങളുടെ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. 

തമ്മിലുള്ള ആക്രമണങ്ങളില്‍ പരിക്കേറ്റാണ് മിക്കതും ചത്തൊടുങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇത് കൂടുതലായും സിംഹ കുഞ്ഞുങ്ങളെയും പെണ്‍സിംഹങ്ങളെയുമാണ് ബാധിക്കുക. കഴിഞ്ഞ നാല് വര്‍ഷമായി സ്ഥിതി ഇങ്ങനെ ആണെന്നും ഇതില്‍ മറ്റ് ഇടപെടലുകളില്ലെന്നും അധികൃതര്‍ പറഞ്ഞു. 2015 ലെ സെന്‍സസ് പ്രകാരം ഗിര്‍ വനത്തില്‍ 520 സിംഹങ്ങളുണ്ട്.