തിരുവനന്തപുരം: സുപ്രീം കോടതി വിധി മൂലം സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 110 ബെവ്കോ ഔട്ട്‍ലെറ്റുകള്‍ പൂട്ടേണ്ടിവരും. 24 പഞ്ചനക്ഷത്ര ബാറുകളില്‍ ഭൂരിഭാഗത്തെയും സുപ്രീംകോടതി വിധി പ്രതികൂലമായി ബാധിക്കും. ബിവറേജ്സ് കോര്‍പ്പറേഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് ആകെയുള്ള 270 ഔട്ട് ലെറ്റുകളില്‍ 111 എണ്ണം ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ്. ഇവ പൂട്ടുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ വേണ്ടിവരും.

പുതിയ സ്ഥലങ്ങളിലേക്ക് ഔട്ട്‍ലെറ്റുകള്‍ തുറക്കുന്നത് ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കു കാരണമാകും.പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ബാര്‍ലൈസന്‍സ് ഉള്ളത്. 24 ഫൈവ് സ്റ്റാര്‍ ബാറുകളില്‍ 90 ശതമാനവും ദേശീയ-സംസ്ഥാന പാതയോരത്തായതിനാല്‍ പൂട്ടേണ്ടിവരും. 724 ബിയര്‍ പാര്‍ലറുകളിലും 80 ശതമാനവും അടക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ച യോഗം ചേര്‍ന്ന് തുടര്‍ നടപടി തീരുമാനിക്കാനാണ് ബാറുടമകളുടെ തീരുമാനം. അതിനിടെ ഒരു വിഭാഗം ബാര്‍ ഉടമകള്‍ കോടതിവിധിയെ പിന്തുണച്ചു.

ഇടതു സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുമ്പോഴാണ് നിര്‍ണ്ണായക ഉത്തരവ് വന്നത്. അടച്ചുപൂട്ടിയ ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നേക്കുമെന്ന സൂചനകള്‍ക്കിടെയാണ് നിലവിലുള്ള മദ്യശാലകളില്‍ ഭൂരിഭാഗവും പൂട്ടേണ്ടിവരുമെന്ന് ഉത്തരവുണ്ടായത്. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായതെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ പ്രതികരിച്ചു.