ദുബായ്: 90 ശതമാനം വരെ വിലക്കിഴിവോടെ 12 മണിക്കൂർ നീളുന്ന സൂപ്പര്‍ സെയില്‍ ഇന്ന്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് മൂവായിരത്തിലധികം വ്യാപര കേന്ദ്രങ്ങളില്‍ ഇന്ന് രാത്രി സൂപ്പര്‍ സെയില്‍ നടക്കുന്നത്. 200 ദിര്‍ഹത്തില്‍ കൂടുതല്‍ ചിലവഴിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണുകള്‍ ലഭിക്കും. ഇതില്‍ നിന്ന് നറുക്കെടുക്കപ്പെടുന്ന വിജയിക്ക് 50,000 ദിര്‍ഹം വരെ സമ്മാനം ലഭിക്കും. ഇന്ന് അര്‍ദ്ധരാത്രി തന്നെയാണ് നറുക്കെടുപ്പ്.
ഇന്നു മുതല്‍ ജനുവരി 27വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ കാലത്ത് ദുബായിലേക്കു പ്രവഹിക്കും. വ്യാപോരോത്സവത്തിന് പുറമെ വിവിധ കാര്‍ണിവലുകള്‍, ഭക്ഷ്യ മേളകള്‍, ഫാഷന്‍ ഷോ, കരുമരുന്ന പ്രയോഗം, അഡ്വഞ്ചര്‍ വിനോദ പരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണ്‍ ലഭിക്കും. ആകെ 7.2 ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസുള്‍പ്പെടെ 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 72 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകും ഇത്തവണ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കാഴ്ചകള്‍ ഇന്ത്യന്‍ പവലിയനിലുണ്ടാകും. നവംബര്‍ ഒന്നു മുതല്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ദുബായില്‍ മൂല്യ വര്‍ദ്ധിത നികുതി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇതിന് മുമ്പ് സാധനങ്ങള്‍ വാങ്ങാനുള്ള അവസരം കൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍.
