ദവായിലെ മാര്‍ക്കോ പോളോ ഹോട്ടലിന് സമീപമുള്ള മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. 12 പേര്‍ സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. 30ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്ഫോടന സമയത്ത് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റുഡ്രിഗോ ടുട്ടേര്‍ ദവായിലുണ്ടായിരുന്നു. തലനാരിഴക്കാണ് പ്രസിഡന്റ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും പ്രസിഡന്റിനെ ലക്ഷ്യം വച്ചുള്ളതാണോ ആക്രമണം എന്ന് വ്യക്തമല്ല. സംഭവസ്ഥലത്തു നിന്നും സ്ഫോടനത്തിനുപയോഗിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വ്യക്തതയ്‌ക്കായി കാത്തിരിക്കണമെന്നും പ്രസിഡന്റിന്റെ മകന്‍ പൗലോ ടുട്ടേര്‍ പ്രസ്താവനയില്‍ അറിയിച്ചു. അബു സയഫ് എന്ന ഭീകര സംഘടനയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെയാണ് സ്ഫോടനം എന്നത് ശ്രദ്ധേയമാണ്.