കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ 12 ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. വടകരയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇവര്‍ പൊലീസ് പിടിയിലായത്. എസ്ഡിപിഐ മാര്‍ച്ചിന് അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ഇന്ന് പുലര്‍ച്ചയോടെയാണ് 12 ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റിയാടി ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. വൈകുന്നേരത്തോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുറ്റിയാടി എസ് ഐയെ വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

പൊലീസ് പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പറഞ്ഞ ജില്ലാ നേതൃത്വം സംഭവത്തെ ന്യായീകരിച്ചു. എസ്ഡിപിഐ യുടെ രാഷ്ട്രീയ വിശദീകരണ പ്രചാരണ യാത്രയ്ക്ക് അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടായത്.

കുറ്റിയാടി വളയത്തെ ലീഗ് പ്രവര്‍ത്തകനായിരുന്ന നസീറുദ്ദീന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും പ്രചരണ ജാഥയ്ക്ക് അനുമതി കൊടുക്കരുത് എന്നുമായിരുന്നു ലീഗ് നിലപാട്. ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് വാനും ജീപ്പും അടിച്ച് തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. ഇരുപതിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.