13 അംഗ സംഘം ഗുഹയില്‍ കുടുങ്ങിയത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗുഹയ്ക്കകത്തേക്ക് കിലോമീറ്ററുകള്‍ പോയിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു സൂചനയും കിട്ടിയില്ല
ബാങ്കോക്ക്: കൗമാര ഫുട്ബോള് താരങ്ങളും കോച്ചുമടക്കം 13 പേര് വിനോദ സഞ്ചാര മേഖലയില് ഗുഹയ്ക്കകത്ത് കുടുങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ഷിയാങ് റായില് നിന്നുള്ള സംഘം വടക്കന് തായ്ലന്റിലെ നാഷണല് പാര്ക്കിനടുത്തുള്ള ഗുഹയില് കയറിയത്. കഷ്ടിച്ച് ഒരാള്ക്ക് കടക്കാനുള്ള വീതിയും 15 മീറ്റര് നീളവുമാണ് ഗുഹയിലേക്കുള്ള വഴിക്കുള്ളത്. ഈ വഴിയിലൂടെ ഇഴഞ്ഞുനീങ്ങി വേണം ഗുഹയ്ക്കകത്ത് കയറാന്.
സംഘം ഗുഹയിലേക്ക് കയറാന് തുടങ്ങി അല്പനേരത്തിനകം വഴിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. സംഘം സഞ്ചരിച്ചിരുന്ന സൈക്കിളുകള് പാര്ക്കിന് സമീപം കണ്ടെത്തിയതോടെയാണ് അപകടം നടന്നതായി ജീവനക്കാര് മനസ്സിലാക്കുന്നത്. ഉടന് തന്നെ അധികൃതരെ വിവരമറിയിക്കുകയും വൈകാതെ രക്ഷാപ്രവര്ത്തനം തുടങ്ങുകയും ചെയ്തു.

എന്നാല് ഗുഹയിലേക്കുള്ള വഴിയുടെ വലിപ്പക്കുറവും ഇടവിട്ടുള്ള മഴയും രക്ഷാപ്രവര്ത്തനം നിരന്തരം തടസ്സപ്പെടുത്തുകയാണ്. ഇരുട്ടും ഓക്സിജന് കുറവും മറ്റൊരു പ്രതിസന്ധിയുമാകുന്നു. നേവിയുടെ പ്രത്യേക സംഘവും രക്ഷാപ്രവര്ത്തനത്തില് പങ്കെടുക്കുന്നുണ്ട്.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഈ ഗുഹയ്ക്കകത്ത് നിന്ന് സമീപത്തുള്ള മറ്റു പല ഗുഹകളിലേക്കുമുള്ള വഴികള് നീണ്ടു കിടപ്പുണ്ട്. ഫുട്ബോള് സംഘം ഇതിലേതെങ്കിലും വഴിയിലൂടെ രക്ഷപ്പെട്ട് എവിടെയെങ്കിലും സുരക്ഷിതരായി എത്തിച്ചേര്ന്നിട്ടുണ്ടാകാം എന്ന സാധ്യതയിലാണ് രക്ഷാപ്രവര്ത്തനം മുന്നോട്ടുപോകുന്നത്. എന്നാല് ഇതുവരെ തെരച്ചില് നടത്തിയ സ്ഥലങ്ങളിലൊന്നും സൂചനകള് പോലും കിട്ടിയിട്ടില്ല. 3 കിലോമീറ്റര് ദൂരം വരെ രക്ഷാപ്രവര്ത്തകര് എത്തിയിരുന്നു. അതിലധികം പോകാന് ഇനിയും സാങ്കേതികമായ സംവിധാനങ്ങള് ആവശ്യമാണെന്നാണ് ഇവര് പറയുന്നത്.

ഷിയാങ് റായിലെ വിവിധ സ്കൂളുകളില് പഠിക്കുന്ന 13 വയസ് മുതല് 16 വയസ് വരെയുള്ള വിദ്യാര്ത്ഥികളാണ് ഫുട്ബോള് സംഘത്തിലുണ്ടായിരുന്നത്. 25കാരനായ കോച്ചും ഇവരോടൊപ്പമുണ്ടായിരുന്നു.
