വിദ്യാര്‍ത്ഥിയുടെ തലക്കാണ് വെടിയേറ്റത്

ദില്ലി: കൂട്ടുകാരന്‍റെ വീട്ടിലെ തോക്കെടുത്ത് കളിച്ച 12 വയസുകാരന് ദാരുണാന്ത്യം. തോക്കുകൊണ്ട് കളിക്കുന്നതിനിടെ ദില്ലി സ്കൂള്‍ വിദ്യാര്‍ത്ഥിയായ എക്നാഷിന് തലക്ക് വെടിയേറ്റ് മരണപ്പെടുകയായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു എക്നാഷ്.സുഹൃത്തിന്‍റെ പിതാവായ നരേന്ദ്രര്‍ കുമാര്‍ മാലിക്കിന്‍റെതാണ് തോക്ക്. ഏപ്രില്‍ 12 നാണ് സംഭവം.

ആര്‍മി ഹവീല്‍ദാറാണ് നരേന്ദ്ര കുമാര്‍.നരേന്ദ്ര കുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ എക്നാഷും സുഹൃത്തും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടി വെടിയൊച്ച കേട്ട് അടുത്ത റൂമിലെത്തിയപ്പോളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ എക്നാഷിനെ കാണുന്നത്.

എക്നാഷിനെ കാണിക്കാനായി പിതാവിന്‍റെ മേശയില്‍ നിന്നും സുഹൃത്ത് തോക്കെടുത്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. പൊലീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്. എക്നാഷിന്‍റെ മരണത്തില്‍ സുഹൃത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.