അഞ്ച് പേർ ഇറങ്ങി വന്ന് കുട്ടിയെ ക്രൂരമായി  മർദ്ദിക്കുകയായിരുന്നു. കയ്യും കാലും പിടിച്ചുകെട്ടി വയറില്‍ ശക്തമായി അടിക്കുകയായിരുന്നു. ഇതു കണ്ട സൂരജ് ഓടിപ്പോയി കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. 

അലിഗഡ്: ക്ഷേത്രത്തില്‍ കെട്ടിയിരുന്ന ബലൂണ്‍ പൊട്ടിച്ചതിന് ദളിത് ബാലനെ അഞ്ചംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് അലിഗഡിലെ നദ്രോയ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പന്ത്രണ്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജന്മാഷ്ടമിയോടനുബന്ധിച്ചയിരുന്നു നദ്രോയ് ഗ്രമത്തിലെ ചാമണ്ട ക്ഷേത്രം അലങ്കരിച്ചത്. തുടർന്ന് കൊല്ലപ്പെട്ട കുട്ടി കൗതുകം തോന്നി അലങ്കരിച്ചിരുന്ന ബലൂണിൽ തൊടുകയായിരുന്നു. എന്നാൽ തൊട്ട ഉടനെ തന്നെ ബലൂൺ പൊട്ടുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയും മരിച്ച കുട്ടിയുടെ സുഹൃത്തുമായ സൂരജ് പറഞ്ഞു. 

ഇതേ തുടർന്ന് ക്ഷേത്രത്തിന് അകത്ത് നിന്നും അഞ്ച് പേർ ഇറങ്ങി വന്ന് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കയ്യും കാലും പിടിച്ചുകെട്ടി വയറില്‍ ശക്തമായി അടിക്കുകയായിരുന്നു. ഇതു കണ്ട സൂരജ് ഓടിപ്പോയി കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ അമ്മ സാവിത്രി ദേവി ക്ഷേത്രത്തിലെത്തിയപ്പോള്‍ മകന്‍ നിലത്ത് അവശനായി വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ വീട്ടിലെത്തിക്കുകയും ഗ്രാമത്തലവനായ ശ്യാം സുന്ദര്‍ ഉപാധ്യയോട് പരാതിപ്പെടുകയും ചെയ്തു. എന്നാൽ സംഭവം ഗൗരവമായി എടുക്കാൻ അദ്ദേഹം കൂട്ടാക്കിയില്ലെന്ന് സാവിത്രി പറഞ്ഞു. 

മർദ്ദനത്തെ തുടർന്ന് ഗ്രമത്തിലെ ക്ലിനിക്കിൽ ചികിത്സയിലായിരുന്ന കുട്ടിയെ അലിഗഡ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും 12.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന സാവിത്രിയുടെ ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയതാണ്. ഒരു മകളും രണ്ട് ആണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്.