പട്‍ന : ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 13 രോഗികള്‍ മരിച്ചു. ബിഹാറിലെ പട്‌ന മെഡിക്കല്‍ കോളേജിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെയാണ് അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഒരു രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മർദ്ദിച്ചതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം.
അഞ്ഞൂറിലേറെ ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കിയത്. അത്യാഹിത വിഭാഗത്തിലും ഒപി വിഭാഗത്തിലും ചികിത്സ മുടങ്ങി. മരണത്തോട് മല്ലിട്ട രോഗികളെ പോലും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഡോക്ടര്‍മാരുടെ അഭാവത്തില്‍ നഴ്സുമാര്‍ അത്യാഹിത വിഭാഗം കൈകാര്യം ചെയ്തതും ആശങ്ക പരത്തി.
മതിയായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗത്തില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
