രണ്ടാനമ്മ മർദ്ദിച്ചതായി പരാതി 13 വയസ്സുകാരനെ മർദ്ദിച്ചെന്നാണ് പരാതി മുക്കം പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: ആനക്കാംപൊയിലിലിൽ എട്ടാം ക്ലാസുകാരനെ രണ്ടാനമ്മ മർദ്ദിച്ചതായി പരാതി. കേസ് ഒത്തു തീർക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി കുട്ടിയുടെ ബന്ധു വെളിപ്പെടുത്തി.

ബാത്ത്റൂമിൽ വെള്ളം വച്ചില്ലെന്ന് പറഞ്ഞ് രണ്ടാനമ്മയും സഹോദരി ഭർത്താവും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ബോധരഹിതനായ കുട്ടി പിന്നീട് ചികിത്സ തേടി. മൊഴിയെടുക്കാനെത്തിയ മുക്കം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബേബി മാത്യു കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍റെ സഹോദരി പറയുന്നു.കള്ളം പറയുകയല്ലേയെന്ന് ചോദിച്ച് ആക്രോശിക്കുകയായിരുന്നു. കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പട്ടു.

സംഭവശേഷം രണ്ടാനമ്മയും, സഹോദരി ഭര്‍ത്താവും, കുട്ടിയുടെ അച്ഛനും ഒളിവിലാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുത്തു.മുക്കം പോലീസ് അന്വേഷണം തുടങ്ങി. ആരോപണവിധേയനായ സിവില്‍പോലീസ് ഓഫീസര്‍ക്കെതിരായ പരാതി പരിശോധിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.