കോഴിക്കോട്: വടകരയില്‍ 13 വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പിടിയിലായത്. വടകര കൈനാട്ടിയിലാണ് 13 വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ന്യൂ മാഹി, പെരിങ്ങാടി സ്വദേശിയായ ചൂളയില്‍ തിലകനെ പോലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഓട്ടോ ഡ്രൈവറായ ഇയാള്‍. കുട്ടിയുടെ അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കൂടിയാണ് ഈ 52 വയസുകാരന്‍. ഒരാഴ്ച മുമ്പ് കുട്ടി പീഡന വിവരം വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങി. 

ബാംഗ്ലൂരിലേക്ക് പോയ ഇയാള്‍ ഇന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് വടകര പോലീസാണ് തിലകനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ന്യൂ മാഹി പോലീസ് സ്റ്റേഷനിലും ഇതിന് മുമ്പ് ഇയാള്‍ക്കെതിരെ സമാനമായ കേസുള്ളതായി വടകര സി.ഐ പറഞ്ഞു. നേരത്തെ ഒരു കൊലപാതക കേസിലും ഇയാള്‍ പ്രതിയാണ്.