തലസ്ഥാനത്ത് കഞ്ചാവ് വേട്ട പിടിയിലായത് അന്തർസംസ്ഥാന സംഘം 130 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും 130 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിലായി. ഒരു കാറിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന കഞ്ചാവ് മറ്റൊരു ആഡംബര കാറിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയത്. കല്ലിയൂർ സ്വദേശികളായ അഭിഷേക്,ശ്യാംരാജ്, ബാലരാമപുരം സ്വദേശി നിതിൻ എന്നിവരെയാണ് ഷാഡോ പൊലീസ് പിടിച്ചത്. 

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മാഫിയയിലെ പ്രധാനകണ്ണികളാണിവർ.ആഡംബരവാഹനങ്ങളിലായി എസ്കോർട്ടും പൈലറ്റും വരെ ഒരുക്കിയാണ് കടത്ത്.
സ്കൂളുകളും കോളേജും കേന്ദ്രീകരിച്ചും ഈ സംഘം കഞ്ചാവ് വിൽക്കുന്നുണ്ട്. നേരത്തെ കിട്ടിയ വിവരമനുസരിച്ച് മാസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.