ദില്ലി: സര്‍ക്കാര്‍ വെബ്‌സൈറ്റിലുണ്ടായ സുരക്ഷാവീഴ്ച കാരണം ജാര്‍ഖണ്ഡ് സ്വദേശികളായ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍. 14 ലക്ഷത്തോളം പേരുടെ വ്യക്തിവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലാണ് എത്തിയത്. ആധാര്‍ വിവരങ്ങള്‍ ചോരുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിശദീകരണങ്ങള്‍ക്കിടെയുണ്ടായ ഈ സംഭവം ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

ജാര്‍ഖണ്ഡില്‍ 16 ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന 14 ലക്ഷത്തോളം പേരുടെ വിവരങ്ങളാണു വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം പരസ്യമായി. സംഭവം വിവാദമായതോടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ എങ്ങനെയാണു ചോര്‍ന്നതെന്ന കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു. ദോണിയുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയെ 10 വര്‍ഷത്തേക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ) കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.