കോട്ടയം: പ്രായപൂർത്തിയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിനതടവ്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് മൂന്നു ലക്ഷം രൂപ സർക്കാർ നല്‍കാനും കോടതി ഉത്തരവിട്ടു. ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്.

പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ 2013 ഡിസംബറിലാണ് സംഭവം. സേഫ്റ്റി പിൻ വിഴുങ്ങിയതുമായി ബന്ധപ്പെട്ട് പെൺകുട്ടി ചികിത്സ തേടിയിരുന്നു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടി പിതാവിന്‍റെ പീഡനവിവരം പറഞ്ഞത്. വിവരം അറിഞ്ഞ ഡോക്ടര്‍ ഇക്കാര്യം ആലപ്പുഴ വനിതാ എസ്.ഐ ശ്രീദേവിയെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. 2014 ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

മദ്യപാനിയായ പിതാവ് തന്നെ പല തവണ പീഡിപ്പിച്ചതായും ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കി. പിതാവ് ചീത്തയാണെന്ന് തന്നോട് കുട്ടി പറഞ്ഞിരുന്നതായി അമ്മയും മൊഴിനല്‍കിയിരുന്നു. സേഫ്റ്റി പിൻ വിഴുങ്ങിയതുമായി ബന്ധപ്പെട്ട ചികിത്സയിൽ കഴിയവെ അബോധാവസ്ഥയിലായ സമയത്തും പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 506 (ഐ), പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പുളിങ്കുന്ന് സി.ഐ ജി.എസ് ജിനരാജ് അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 11 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.