മുംബൈ: പീഡനശ്രമത്തിനിടെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ 14കാരിക്ക് ഗുരുതര പരുക്ക്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് എടുത്തശേഷം ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ ചാടിക്കയറിയ ആളാണ് അപമാന ശ്രമം നടത്തിയത്.. 

കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് പുറത്തിറങ്ങാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അപമാന ശ്രമം നടക്കുമ്പോള്‍ പെണ്‍കുട്ടി മാത്രമാണ് കംബാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നത്. അപായ ചങ്ങല വലിക്കാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോളാണ് ട്രെയിനില്‍ നിന്ന് ചാടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. റെയില്‍വേ ട്രാക്കില്‍ പണിയെടുക്കുന്ന ജീവനക്കാരെ കണ്ട ധൈര്യത്തിലാണ് ട്രാക്കിലേക്ക് ചാടിയതെന്നും പെണ്‍കുട്ടി പറഞ്ഞു. 

ട്രെയിനിലെ ആക്രമണങ്ങള്‍ തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പൊലിസ് അറിയിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പൊലിസ് പറഞ്ഞു.