ദുബായ്: കാനഡയില്‍ സിംഗിള്‍ എന്‍ജിന്‍ വിമാനം ഒറ്റ്ക്ക് പറത്തി ഇന്ത്യക്കാരനായ 14-കാരന്‍ റെക്കോര്‍ഡിട്ടു. ഷാര്‍ജയിലെ ദില്ലി പ്രൈവറ്റ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മന്‍സൂര്‍ അനീസ് ആണ് സെസ്സ്ന 152 വിമാനത്തില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്ര നടത്തി പുതിയ ചരിത്രമെഴുതുയിത്.

ഷാര്‍ജയിലെ സിവില്‍ എന്‍ജിനീയറാണ് അനീസിന്‍റെ പിതാവ് അലി. കഴിഞ്ഞ അവധിക്കാലത്ത് ഭാര്യ മുനീറയുടെയൊപ്പം മകനെ കാനഡയിലെ ഏവിയേഷന്‍ ഫ്ലൈറ്റ് അക്കാദമിയിലെ ട്രെയിനിങ്ങ് സെഷനില്‍ പങ്കെടുപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പൈലറ്റ് പെര്‍മിഷന്‍ അനീസിന് ലഭിച്ചു.
സുരക്ഷിതമായി വിമാനം പറത്തുകയും തിരിച്ചിറക്കുകയും ചെയ്തതിനെ തുടര്‍ന്ന് എ എ എ ഏവിയേഷന്‍ ഫ്ലൈറ്റ് അക്കാദമിയുടെ സെര്‍ട്ടിഫിക്കേറ്റ് അനീസിന് ലഭിച്ചു. 

10 മിനിറ്റ് നീണ്ട യാത്രയിലൂടെ നിലവിലുണ്ടായിരുന്ന രണ്ട് റെക്കോര്‍ഡുകളാണ് അനീസ് പഴങ്കഥയാക്കിയത്. 34 മണിക്കൂര്‍ പരിശീലനത്തിന് ശേഷം വിമാനം പറത്തിയ 15 വയസ്സുള്ള ജര്‍മ്മന്‍ സ്വദേശിയുടെയും അമേരിക്കന്‍ സ്വദേശിയായ 14 കാരന്‍റെയും റെക്കോര്‍ഡുകളാണ് അനീസിന് മുന്നില്‍ വഴിമാറിയത്. വെറും 25 മണിക്കൂര്‍ പരിശീലനത്തിന് ശേഷമാണ് അനീസ് വിമാനം പറത്തിയത്. ജെറ്റ് എയര്‍വേസിലെ പൈലറ്റായ മുനീറയുടെ സഹോദരന്‍ ഖ്വദ് ഫെയ്സിയാണ് അനീസിന്‍റെ പ്രചോദനം